KERALA

പഴയന്നൂർ ദേവീക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാതായ സംഭവം: പൊലീസ്-ദേവസ്വം അന്വേഷണങ്ങൾ വഴി മുട്ടുന്നതായി പരാതി

കിരീടം കാണാതായതിൽ ദേവസ്വത്തിനും ജീവനക്കാർക്കും പങ്കുണ്ടെന്നാണ് ബിജെപിയുടെ ആരോപണം

Author : ന്യൂസ് ഡെസ്ക്

തൃശൂർ: പഴയന്നൂർ ദേവീക്ഷേത്രത്തിലെ അമൂല്യ രത്നങ്ങൾ പതിച്ച സ്വർണക്കിരീടം കാണാതായ സംഭവത്തിൽ പൊലീസ്-ദേവസ്വം അന്വേഷണങ്ങൾ വഴി മുട്ടുന്നുന്നതായി പരാതി. ജൂൺ മാസത്തിലെ സ്റ്റോക്ക് പരിശോധനയിലാണ് കിരീടം കാണാതായത് പുറത്തറിഞ്ഞത്. സംഭവത്തിന് പിന്നാലെ മുൻ ദേവസ്വം ഓഫീസർ ഇ.എസ്. ദിനേഷനെ കൊച്ചിൻ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു.

കിരീടം കാണാതായതിൽ ദേവസ്വത്തിനും ജീവനക്കാർക്കും പങ്കുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. കള്ളന്മാർ കപ്പലിൽ തന്നെയും സംഭവത്തിൽ ഉടൻ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും ബി.ജെ.പി. ചേലക്കര മണ്ഡലം പ്രസിഡൻ്റ് ടി.സി. പ്രകാശൻ' മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഉമേഷ് എന്നിവർ പറഞ്ഞു.

15.300 ഗ്രാം സ്വർണത്തിൽ നിർമിച്ച കിരീടത്തിൽ മൂന്ന് ചെമ്പവിഴ രത്നങ്ങളും ഒരു ഇന്ദ്രനീല രത്നവുമാണ് പതിപ്പിച്ചിരുന്നത്. ക്ഷേത്രത്തിലെ പുതിയ ദേവസ്വം ഓഫീസര്‍ ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പണ്ടം, പാത്രം രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് കിരീടം കാണാനില്ലെന്ന് കണ്ടെത്തിയത്. പുതിയ ദേവസ്വം ഓഫീസറായി സച്ചിന്‍ വര്‍മ ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായി ഗോള്‍ഡ് അപ്രൈസറെ എത്തിച്ച് കണക്കുകള്‍ തിട്ടപ്പെടുത്തിയപ്പോഴാണ് കിരീടം കാണാനില്ലെന്ന് മനസ്സിലായത്.

ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളിലെ പ്രധാന പ്രതിഷ്ഠയായ പള്ളിപ്പുറത്തപ്പന്റെ കിരീടമാണ് നഷ്ടപ്പെട്ടതെന്നാണ് നിഗമനം. സച്ചിന്റെ പരാതിയെത്തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ഷീജയുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തില്‍ പരിശോധനകള്‍ ആരംഭിച്ചത്. നിലവില്‍ ക്ഷേത്രത്തിലെ ഓഫീസറായ ദിനേശന്‍ 2023-ല്‍ ചാര്‍ജെടുക്കുമ്പോള്‍ രജിസ്റ്റര്‍ പരിശോധിച്ച് ബോധ്യപ്പെട്ട് ഒപ്പിട്ടിട്ടുണ്ട്. ചുറ്റമ്പലത്തിനുള്ളിലെ ലോക്കറില്‍ സൂക്ഷിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള മറ്റു ഉരുപ്പടികളൊന്നും നഷ്ടപ്പെട്ടില്ല. ദിനേശന്‍ അവധിയെടുത്തപ്പോഴാണു പുതിയ ഓഫീസറെ നിയോഗിച്ചത്.

SCROLL FOR NEXT