അനയ  
KERALA

ഒറ്റ ദിവസം കൊണ്ട് പനി മൂര്‍ച്ഛിച്ച് മരിച്ചു; താമരശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണത്തില്‍ കേസെടുത്തു

കുട്ടിയുടെ മരണത്തില്‍ ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: താമരശേരിയില്‍ നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് താമരശേരി പൊലീസ് കേസെടുത്തത്. കുട്ടിയുടെ മരണത്തില്‍ ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ന്യൂസ് മലയാളത്തോട് പറഞ്ഞു. താമരശ്ശേരി കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് ഇന്നലെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരിച്ചത്.

ഇന്നലെ രാവിലെ 10.30 താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സക്കെത്തിയ കുട്ടി വൈകിട്ടോടെ മെഡിക്കല്‍ കോളേജില്‍ വച്ച് മരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടു കൂടിയാണ് മരണം സംഭവിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നാണ് മാതാപിതാക്കളുടെയും ബന്ധുക്കളുടെ പരാതി.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഒറ്റ ദിവസം കൊണ്ട് പനി മൂര്‍ച്ഛിച്ച് മരണം സംഭവിച്ചതിലെ ദുരൂഹതയാണ് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കാക്കിയത്. വീട്ടിലെ മറ്റ് പനി ലക്ഷണങ്ങളുള്ള രണ്ടു കുട്ടികളേയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല.

എന്നാല്‍ കുട്ടിക്കുള്ള ചികിത്സയില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്ന് താലൂക്ക് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവൂ. താലൂക്ക് ആശുപത്രിയില്‍ നല്‍കാവുന്ന എല്ലാ ചികിത്സകയും നല്‍കിയതിന് ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത് എന്നുമാണ് താമരശേരി ആശുപത്രി സൂപ്രണ്ടിന്റ വിശദീകരണം.

SCROLL FOR NEXT