Source: FB
KERALA

സഹോദരതുല്യം സ്നേഹിച്ച പ്രിയ സഖാവ്, ജനകീയ നേതാവ്, കരുത്തുറ്റ പോരാളി; കാനത്തിൽ ജമീലയെ അനുസ്മരിച്ച് രാഷ്‌ട്രീയ നേതാക്കൾ

"കൊയിലാണ്ടി മണ്ഡലത്തിന്‍റെ വികസനത്തിന് വേണ്ടി നടത്തിയത് മാതൃകാപരമായ പ്രവർത്തനങ്ങളായിരുന്നു"

Author : ന്യൂസ് ഡെസ്ക്

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കൾ.

വിടവാങ്ങുന്നത് സഹോദരതുല്യം സ്നേഹിച്ച പ്രിയ സഖാവെന്ന് മന്ത്രി വീണാ ജോർജ് അനുശോചനമറിയിച്ചു. കൊയിലാണ്ടി മണ്ഡലത്തിന്‍റെ വികസനത്തിന് വേണ്ടി നടത്തിയത് മാതൃകാപരമായ പ്രവർത്തനങ്ങളായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ഈ വിയോഗം വളരെ ഏറെ വേദനിപ്പിക്കുന്നു. എത്ര ഓർമ്മകൾ പ്രിയ സഖാവേ..

നിയമസഭയിലെ ചടുലമായ പ്രസംഗങ്ങൾ. ഇടപെടലുകൾ. കൊയിലാണ്ടി മണ്ഡലത്തിന്‍റെ വികസനത്തിന് വേണ്ടി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ. 2023-ൽ കോഴിക്കോട് ഒരാൾക്ക് നിപ്പ ആദ്യം സംശയിച്ചപ്പോൾ തന്നെ ഞാന്‍ കോഴിക്കോട് എത്തി . അതൊരു ഔട്ബ്രേക് ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ കോഴിക്കോട് തുടരാൻ തീരുമാനിച്ചു . രണ്ടു മൂന്നു ദിവസങ്ങൾക്കപ്പുറത്തേക്കു താമസിക്കാൻ ഞാന്‍ വസ്ത്രങ്ങൾ കരുതിയിരുന്നില്ല. ഇത് സംബന്ധിച്ച് ഞാനും ജമീല സഖാവും ഒന്നും സംസാരിച്ചിരുന്നില്ല. എന്നാൽ പിറ്റേന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലെ മുറിയിലേക്ക് എനിക്കുള്ള വസ്ത്രങ്ങളുമായി പ്രിയ സഖാവ് എത്തി.

എത്ര ഓര്‍മ്മകള്‍. ആര്‍സിസിയില്‍ ആദ്യ പരിശോധനയ്ക്ക് പോകുമ്പോള്‍ പ്രിയ സഖാവിനൊപ്പം ഞാനും കോങ്ങാട് എംഎല്‍എ സ. എസ്. ശാന്തകുമാരിയും ഉണ്ടായിരുന്നു. സഹോദരതുല്യം സ്നേഹിച്ച പ്രിയ സഖാവാണ് വിടവാങ്ങുന്നത്. സഹിക്കാന്‍ പ്രയാസമുള്ള വിയോഗം. ആ ചിരി മനസ്സിൽ നിന്ന് മായില്ല പ്രിയ സഖാവേ..

നാടിൻ്റെ വികസനത്തിന് ശക്തമായ ഇടപെടൽ നടത്തിയ വ്യക്തിത്വമായിരുന്നു കാനത്തിൽ ജമീലയുടേതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അനുസ്മരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിങ്ങനെ ത്രിതല പഞ്ചായത്ത് നേതൃസ്ഥാനങ്ങൾ വഹിച്ച് പടിപടിയായി ഉയർന്ന് വന്ന നേതാവാണ് കാനത്തിൽ ജമീല. നാടിൻ്റെ വികസനത്തിന് ശക്തമായ ഇടപെടൽ നടത്തിയ, സൗമ്യമായ പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ വനിതാ നേതാവിനെയാണ് നഷ്ടമായത്. സഹോദരീ തുല്യമായ ബന്ധം കാത്തു സൂക്ഷിച്ച കാനത്തിൽ ജമീലയുടെ വിയോഗം വ്യക്തിപരമായും ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കും വലിയ നഷ്ടമാണ്. കാനത്തിൽ ജമീലയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും പാർട്ടിപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

മികച്ച ജനപ്രതിനിധിയും ജനകീയ നേതാവുമായിരുന്നു കാനത്തിൽ ജമീലയെന്ന് സജി ചെറിയാൻ അനുശോചനമറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

പ്രിയസഖാവ് കാനത്തിൽ ജമീലയുടെ വിയോഗവാർത്ത അത്യധികം വേദനയോടെയാണ് ഉൾക്കൊള്ളുന്നത്. കുറച്ചു കാലമായി സഖാവ് രോഗാവസ്ഥയോട് പൊരുതുകയായിരുന്നു. ഈ മാസം ആദ്യം സഖാവിനെ സന്ദർശിച്ച് ആരോഗ്യനിലയെപ്പറ്റി ഒക്കെ സംസാരിച്ചിരുന്നു. അപ്പോഴൊന്നും ഇങ്ങനെയൊരു വേർപാട് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മികച്ച ജനപ്രതിനിധി എന്ന നിലയിലും ജനകീയ നേതാവ് എന്ന നിലയിലും ഇനിയുമേറെ നാടിന് സംഭാവനകൾ നൽകാൻ ശേഷിയുണ്ടായിരുന്ന സഖാവിന്റെ വിയോഗം നമ്മുടെയാകെ നഷ്ടമാണ്. അന്ത്യാഭിവാദ്യങ്ങൾ നേരുന്നു.

കരുത്തുറ്റ പോരാളിയായിരുന്നു കാനത്തിൽ ജമീലയെന്ന് മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

സൗമ്യതയോടെ ഇടപെടുന്ന രീതിയായിരുന്നു കാനത്തിൽ ജമീലയുടേതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അനുസ്മരിച്ചു. അസുഖബാധിത ആയിരുന്നിട്ടും നിയമസഭയിൽ എത്തി. ചികിത്സയിൽ ആയിരുന്ന സമയത്തും കൊയിലാണ്ടിയിലെ കാര്യങ്ങൾ ഫോണിൽ വിളിച്ച് പറയാറുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ജനപക്ഷ നിലപാടിലൂന്നിയ പ്രവർത്തനം നടത്തിയ നേതാവായിരുന്നു ജമീലയെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:


ഏറെ വേദനാജനകമാണ് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല സഖാവിന്റെ അകാലവിയോഗം...ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴും പിന്നീട് എംഎൽഎ ആയപ്പോഴും ജനപക്ഷ നിലപാടിലൂന്നിയ പ്രവർത്തനം നടത്തിയ നേതാവിന്റെ വിയോഗം ഒരു കനത്ത നഷ്ടം തന്നെയാണ്...

ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിലൂടെ ഏവരുടെയും ബഹുമാനാദരവുകൾ ഏറ്റുവാങ്ങിയ എല്ലാവർക്കും മാതൃകയായ പൊതുപ്രവർത്തക കൂടിയാണ് സഖാവ് കാനത്തിൽ ജമീല. കാനത്തിൽ ജമീലയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചർച്ചയിൽ സജീവമായി ഇടപെട്ട് സംസാരിച്ച നേതാവായിരുന്നു ജമീലയെന്ന് സ്പീക്കർ എ.എൻ. ഷംസീർ അനുസ്മരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

കേരള നിയമസഭാംഗവും സി.പി.ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും പൊതുപ്രവർത്തന രംഗത്തെ അതുല്യ വ്യക്തിത്വവുമായ കാനത്തിൽ ജമീലയുടെ അകാല വിയോഗത്തിൽ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനഞ്ചാം കേരള നിയമസഭയിലെത്തിയ അവർ, ജനസേവനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഈ വേർപാട് സംസ്ഥാനത്തിന്, വിശേഷിച്ച് കോഴിക്കോട് ജില്ലയ്ക്ക്, നികത്താനാവാത്ത നഷ്ടമാണ്.

മണ്ഡലത്തിലെ വിഷയങ്ങൾ സഭയിൽ ശക്തമായി ഉന്നയിക്കുകയും, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചർച്ചയിൽ സജീവമായി ഇടപെട്ട് സംസാരിക്കുകയും ചെയ്തിരുന്ന ജമീല, ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു.

1995-ൽ പൊതുപ്രവർത്തന രംഗത്ത് സജീവമായ അവർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലാണ് തൻ്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും (2010-2015, 2019-2021) ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദീർഘകാലത്തെ അനുഭവസമ്പത്ത് അവർക്കുണ്ടായിരുന്നു.

സാമൂഹ്യരംഗത്തും ഭരണരംഗത്തും ലാളിത്യവും കാര്യക്ഷമതയും കൊണ്ട് പ്രിയങ്കരിയായിരുന്ന ഈ ശക്തയായ പൊതുപ്രവർത്തക നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.

കാനത്തിൽ ജമീലയുടെ വേർപാടിലൂടെ കേരളത്തിന് നഷ്ടമായത് ഒരു മികച്ച പൊതുപ്രവർത്തകയെയാണ്. അവരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.

SCROLL FOR NEXT