ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാൽ സർക്കാരിന് 2232 കോടിയുടെ അധിക ബാധ്യത 
KERALA

ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാൽ സർക്കാരിന് 2232 കോടിയുടെ അധിക ബാധ്യത; പീക്ക് സമയങ്ങളിൽ കൂടുതല്‍ വൈദ്യുതി ലഭിക്കുന്നത് ജിഎന്‍എയിൽ നിന്നെന്ന് വി.ഡി. സതീശൻ

മുന്‍പ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ജിഎന്‍എ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങിയിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന 2232 കോടിയുടെ അധിക ബാധ്യത ഒഴിവാക്കാനാണ് സ്വകാര്യ കമ്പനിയായ ജിഎന്‍എ വഴി വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. മുന്‍പ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതേ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉപഭോഗം ഏറ്റവും കൂടുന്ന പീക്ക് ഹവറുകളില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ലഭിക്കുന്നത് ജിഎന്‍എ വഴിയാണ്. ജിഎന്‍എ വഴി വാങ്ങുമ്പോള്‍ 2.6 രൂപയുടെ മാത്രം അധിക ബാധ്യതയാണ് വരുന്നത്. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കരാര്‍ വഴിയാണെങ്കില്‍ അത് 8.5 രൂപ അധിക ബാധ്യത വരുമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ഇതില്‍ കുറവ് ചെലവ് വരുന്നത് ജിഎന്‍എ തന്നെയാണ്. 8 രൂപയ്ക്ക് ലഭിക്കുന്ന വൈദ്യുതി വാങ്ങാതെ 14 രൂപയുടെ വൈദ്യുതി വാങ്ങിയാല്‍ അത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ഈ കമ്പനി സർക്കാർ ലിസ്റ്റിലുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 2232 കോടിയുടെ അധികബാധ്യത സര്‍ക്കാരിന് ഉണ്ടാകുമായിരുന്നു. അത് സര്‍ക്കാരിന് എടുക്കാന്‍ പറ്റില്ല. അതുകൊണ്ട് ജിഎന്‍എയില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചു. പീക്ക് സമയങ്ങളില്‍ ഹിമാചലില്‍ നിന്ന് 353 മെഗായൂണിറ്റ് വൈദ്യുതിയാണ്. അതേസമയം ജിഎന്‍എയില്‍ നിന്ന് പീക്ക് സമയത്ത് 453 മെഗായൂണിറ്റ് വൈദ്യുതിയാണ് കിട്ടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയൻ്റെ കാലത്ത് 2025-ൽ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്. ബാക്കി മുഴുവൻ സ്വകാര്യ കമ്പനികളിൽ നിന്നാണ് വാങ്ങിയത്. ജിൻഡാൽ, അദാനി, ജിഎൻഎ ഉൾപ്പെടെ അന്ന് വൈദ്യുതി വാങ്ങിയ നിരവധി സ്വകാര്യ കമ്പനികളുടെ പട്ടിക തൻ്റെ കൈയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുമാസവും സ്വകാര്യ കമ്പനികളിൽ നിന്ന് തന്നെയാണ് വൈദ്യുതി വാങ്ങിയതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

SCROLL FOR NEXT