ആർ. ശ്രീലേഖ വി.കെ. പ്രശാന്തിൻ്റെ ഓഫീസിൽ  Source: News Malayalam 24x7
KERALA

"മോനേ എന്നു വിളിച്ചാണ് പ്രശാന്തിനോട് സംസാരിച്ചത്, സൗഹൃദസംഭാഷണം വിവാദമാക്കരുത്"; വിശദീകരണവുമായി ആർ. ശ്രീലേഖ

ശ്രീലേഖ എംഎൽഎ ഓഫീസിലെത്തി നേരിൽ കണ്ടിട്ടും അനുനയത്തിന് ഇല്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് വി.കെ. പ്രശാന്ത്.

Author : പ്രണീത എന്‍.ഇ

തിരുവനന്തപുരം: കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട വിഷയം വിവാദമായതിന് പിന്നാലെ വി.കെ. പ്രശാന്തിനെ എംഎൽഎ ഓഫീസിലെത്തി നേരിൽ കണ്ട് ആർ. ശ്രീലേഖ. ഓഫീസ് മാറി തരാമോ എന്ന് അഭ്യാർഥിക്കുക മാത്രമാണ് ചെയ്തതെന്ന് മാധ്യമങ്ങൾക്ക് വിശദീകരണം നൽകിയതിന് ശേഷമാണ് ശ്രീലേഖ എംഎൽഎ ഓഫീസിലെത്തിയത്. എന്നാൽ അനുനയത്തിന് ഇല്ലെന്നും കരാർ തീരുംവരെ ഓഫീസിൽ തുടരുമെന്നും വി.കെ. പ്രശാന്ത് വ്യക്തമാക്കി.

'മോനെ' എന്ന് വിളിച്ചാണ് പ്രശാന്തിനോട് സംസാരിച്ചതെന്നാണ് ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞത്. സൗഹൃദ സംഭാഷണം വിവാദമാക്കി മാറ്റരുതെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. കൗൺസിലർ എന്ന നിലയിൽ തന്നെ കാണാൻ വരുന്നവർക്ക് സൗകര്യമില്ല. എംഎൽഎ വിചാരിച്ചാൽ വേറെ സ്ഥലം കിട്ടും. എന്നാൽ കൗൺസിലറുടെ കാര്യം അങ്ങനെയല്ല. പാർട്ടി നേതൃത്വവുമായി ആലോചിച്ച് എന്ത് ചെയ്യണം എന്ന് തീരുമാനിക്കുമെന്നും ആർ. ശ്രീലേഖ പറഞ്ഞു.

"എംഎൽഎ ഓഫീസുള്ള കെട്ടിടം തിരുവനന്തപുരം കോർപ്പറേഷൻ്റേതാണ്. കെട്ടിടത്തിൻ്റെ പൂർണ അവകാശവും കോർപ്പറേഷനാണ്. വി.കെ. പ്രശാന്തുമായി കരാർ ഉണ്ടെന്ന് തോന്നുന്നില്ല. എൻ്റെ അഭ്യർഥന അദ്ദേഹം പരിഗണിക്കാൻ തയ്യാറല്ലെങ്കിൽ എന്തു ചെയ്യും?" ആർ. ശ്രീലേഖ ചോദിച്ചു.

അതേസമയം വി.കെ. പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട ആർ. ശ്രീലേഖയുടെ നീക്കം പാർട്ടിയും മേയറും അറിയാതെയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. രേഖകൾ പരിശോധിച്ച് തുടർനടപടിയെടുക്കാനാണ് ബിജെപിയുടെ നീക്കം.

SCROLL FOR NEXT