2025 ഓഗസ്റ്റ് 20ന് നടി റിനി ആന്‍ ജോര്‍ജ് നടത്തിയ വെളിപ്പെടുത്തലിലാണ് തുടക്കം. യുവ ജനപ്രതിനിധി അശ്ലീല സന്ദേശം അയച്ച് നിരന്തരം ശല്യം ചെയ്‌തെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍. റിനി ഉപയോഗിച്ച 'ഹൂ കെയേഴ്‌സ്' പ്രയോഗം കാര്യങ്ങള്‍ രാഹുലിലേക്ക് വിരല്‍ ചൂണ്ടി.
അതിന് മുന്‍പ് ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തോട് രാഹുല്‍ പ്രതികരിച്ചത് 'ഹൂ കെയേഴ്‌സ്'എന്നായിരുന്നു. റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുലിനെതിരെ നേതൃത്വത്തിന് ലഭിച്ചത് പരാതി പ്രവാഹം. അതിനിടെ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന, വധഭീഷണി മുഴക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നു.
ഗത്യന്തരമില്ലാതെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ രാജിവെച്ചു. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന് നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തു. കുറച്ച് നാള്‍ വിട്ടുനിന്നെങ്കിലും ഷാഫി പറമ്പിലിന്റെ സംരക്ഷണയില്‍ മണ്ഡലത്തില്‍ വീണ്ടും സജീവമായി.
എംഎല്‍എയുടെ ഭവന പദ്ധതി 'സ്‌മൈല്‍ ഭവന'ത്തിന്റെ പരിപാടികളില്‍ സിനിമാ താരങ്ങളെ എത്തിച്ചായിരുന്നു രാഹുലിനെ പിന്നീട് കണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ഇടപെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു. ഇതിനിടെ ന്യൂസ് മലയാളം പുതിയ ശബ്ദരേഖ പുറത്തുവിട്ടു. ശബ്ദരേഖ രാഹുല്‍ നിഷേധിച്ചില്ല.
കെ.സുധാകരന്‍ ഒഴികെ കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ മാങ്കൂട്ടത്തിലിന് എതിരായ നിലപാടില്‍ ഉറച്ചു നിന്നു. ഒടുവില്‍ ഇന്ന് അതിജീവിത മുഖ്യമന്ത്രിയെ കണ്ട് പരാതിയും തെളിവുകളും നല്‍കി. പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ മാങ്കൂട്ടത്തിലിനെ കാണാനില്ല.
പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് പൊടുന്നനെ അപ്രത്യക്ഷനായി. ഫോണ്‍ സ്വിച്ച്ഡ് ഓഫ്, എംഎല്‍എ ഓഫീസും അടച്ചുപൂട്ടിയിട്ടിരിക്കുന്നു. ഒളിവിലിരുന്ന് 'സത്യം ജയിക്കും' എന്ന് സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്.
മാങ്കൂട്ടത്തിലിന് എതിരായ തെളിവുകള്‍ മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും. പരാതി പ്രകാരം മാങ്കൂട്ടത്തിലിന് എതിരെ ചുമത്തുക ജാമ്യമില്ലാ വകുപ്പുകള്‍. മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്കും എത്രയും വേഗം കടക്കാന്‍ അന്വേഷണ സംഘം.