KERALA

വടക്കൻ കേരളത്തെ വലച്ച് കനത്ത മഴ; ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് കൂടുതൽ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി

കാസർഗോഡ് തേജസ്വനി പുഴ കരകവിഞ്ഞ് നീലേശ്വരം ചീമേനി കരിന്തളം പഞ്ചായത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വടക്കൻ കേരളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തതോടെ കൂടുതൽ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. വെള്ളക്കെട്ടിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് കാപ്പാട് സ്വദേശിയായ രണ്ട് വയസുകാരൻ മരിച്ചു. പെരുവയൽ കൊണാറമ്പിൽ വെള്ളക്കെട്ടിൽ വീണ യുവാവിൻ്റെ നില ഗുരുതരമായി തുടരുകയാണ്. പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് സ്ത്രീ മരിച്ചു. കാസർഗോഡ് തേജസ്വനി പുഴ കരകവിഞ്ഞ് നീലേശ്വരം ചീമേനി കരിന്തളം പഞ്ചായത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴ , മലബാറിൻ്റെ പല മേഖലകളിലും തുടരുകയാണ്.

കോഴിക്കോട് കോടഞ്ചേരിയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് നാല് ഏക്കറോളം കൃഷിഭൂമി ഒലിച്ചുപോയി. വടകര ദേശീയപാതയിൽ മണ്ണിടിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കക്കയം തലയാട് റോഡിൽ ഇരുപത്തിയാറാം മൈലിലും മണ്ണിടിഞ്ഞു. ശക്തമായ മഴയിൽ കൊയിലാണ്ടിയിൽ രണ്ടിടങ്ങളിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. മാവൂർ , പാലാഴി, കോട്ടുളി, വെള്ളിപറമ്പ്, വിലങ്ങാട്, കക്കയം, എന്നിങ്ങനെ കോഴിക്കോടിൻെറ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയതോടെ പല കുടുംബങ്ങളേയും ക്യാമ്പുകളിലേക്ക് മാറ്റി.

കോഴിക്കോട് കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു. കണ്ണങ്കടവ് സ്വദേശി നൗഷാദിന്റെ മകൻ മാഫിൻ ഇറാഷാണ് ഇന്ന് പുലർച്ചെ മരിച്ചത്. കോഴിക്കോട് പെരുവയൽ കൊണാറമ്പിൽ വെള്ളക്കെട്ടിൽ വീണ യുവാവിൻ്റെ നില ഗുരുതരമായി തുടരുകയാണ്. സുഹൃത്തുക്കളോടൊപ്പം വീടിന് സമീപത്തെ വയലിൽ എത്തിയപ്പോഴായിരുന്നു അപകടം. മലപ്പുറം പൊന്നാനി പാലപ്പെട്ടിയിലും, വെളിയങ്കോടും കടലാക്രമണം രൂക്ഷമാണ് .വെളിയങ്കോട് തീരത്ത് മൂന്ന് വീടുകളും പാലപ്പെട്ടിയിൽ രണ്ട് വീടുകളും പൂർണ്ണമായും കടലെടുത്തു. കടലാക്രമണം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് സമീപത്തെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും ക്യാംപുകളിലേക്കും മാറ്റി.

കാസർഗോഡ് ഉപ്പളയിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. കടലാക്രമണം ശക്തമായ ശാരദ നഗർ, മണിമുണ്ടയിലാണ് മത്സ്യത്തൊഴിലാളി കുടുംബത്തിൻ്റെ വീട് തകർന്നത്. ദിവസങ്ങളായി പ്രദേശത്ത് കടലാക്രമണം രൂക്ഷമായതിനാൽ കുടുംബങ്ങളെ നേരത്തെ ഇവിടെ നിന്ന് മാറ്റി താമസിപ്പിച്ചിരുന്നു . പ്രദേശത്ത് കടൽ കൂടുതൽ ഭാഗങ്ങളിലേക്ക് കയറിയിട്ടുണ്ട്. നീലേശ്വരം ചീമേനി കരിന്തളം പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശത്തെ തുടർന്ന് മുന്നോറോളം കുടുംബങ്ങൾ മാറ്റിപാർപ്പിച്ചു . രാജ് മോഹൻ ഉണ്ണിത്താൻ എം പിയും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെയുള്ള സംഘം സ്ഥലം സന്ദർശിച്ചു. മലവെള്ളപ്പാച്ചിലില്‍ കാണാതായ കണ്ണൂർ പേരാവൂർ സ്വദേശി ഹനീഫ, രാജഗിരിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷ് എന്നിവരെ കണ്ടെത്താനായില്ല.

പയ്യന്നൂരും മാടായിലും വീടുകള്‍ തകര്‍ന്ന് ഏഴ് വയസ്സുകാരന് ഉൾപ്പെടെ പരിക്കേറ്റു. മഴക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ 47 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ പാൽചുരം വഴിയുള്ള ഗതാഗതം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചു. ഇതോടെ കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള ഗതാഗതം പ്രതിസന്ധിയിലായി. പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് സ്ത്രീ മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി ഭാനുപ്രിയയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ രക്ഷപ്പെടുത്തി. ഒറ്റപ്പാലം ആദിത്യ നഗറിൽ എട്ടിലധികം വീടുകളിൽ ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ വെള്ളം കയറി. ഭാരതപ്പുഴയിലും ജലനിരപ്പ് ഉയർന്നു. മണ്ണാർക്കാട് അലനല്ലൂർ കണ്ണംകുണ്ട് കോസ് വേയിൽ കോഴിയുമായി വന്ന പിക്കപ്പ് വാൻ കുടുങ്ങി. അട്ടപ്പാടിയിൽ വനം വകുപ്പ് റെയ്ഞ്ച് ഓഫിസിലെ ജീപ്പ് ഷെഡിലേക്ക് കൂറ്റൻ മരം കടപുഴകി വീണ് ജീപ്പും ഷെഡും തകർന്നു. വയനാട് ജില്ലയില്‍ മഴക്കെടുതിയെ തുടർന്ന് 23 ദുരിതാശ്വാസ ക്യാമ്പുകളിലായി 1068 പേരെ മാറ്റി പാർപ്പിച്ചു.

SCROLL FOR NEXT