ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ Source: Facebook / Rajeev Chandrasekhar
KERALA

ഛത്തീസ്‌ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് രാജീവ് ചന്ദ്രശേഖർ

തൃശൂരിൽ നിന്നുള്ള ബിജെപി ജില്ലാ കമ്മിറ്റി അംഗമായ വിപിൻ കുടിയേടത്തിൻ്റെ വീഡിയോയും പോസ്റ്റുമാണ് ബിജെപി കേരളം എന്ന എഫ്ബി പേജിൽ പങ്കുവെച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഛത്തീസ്‌ഗഡിൽ രണ്ട് കന്യാസ്ത്രീകളുടെ അറസ്റ്റിനെ മനുഷ്യക്കടത്തുമായി കൂട്ടിയിണക്കി വീണ്ടും ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിയമപരമായി എടുത്തൊരു കേസ് മാത്രമാണെന്നും മനുഷ്യക്കടത്ത് എൻഐഎയുടെ പരിധിയിൽ വരുന്നത് കൊണ്ടാണ് കേസ് ആ ഏജൻസിക്ക് കൈമാറിയതെന്നുമാണ് ബിജെപി കേരളവും സംസ്ഥാന അധ്യക്ഷനും പങ്കുവെച്ച ഈ പോസ്റ്റിൽ വ്യക്തമാക്കുന്നത്.

ഇത് സ്വാഭാവികമായ ഒരു നടപടിക്രമം മാത്രമാണെന്നും ഇതിൽ എവിടെയാണ് ബിജെപിയുടെ ഗൂഢാലോചനയെന്നുമാണ് പോസ്റ്റിൽ ചോദിക്കുന്നത്. തൃശൂരിൽ നിന്നുള്ള ബിജെപി ജില്ലാ കമ്മിറ്റി അംഗമായ വിപിൻ കുടിയേടത്തിൻ്റെ വീഡിയോയും പോസ്റ്റുമാണ് ബിജെപി പങ്കുവെച്ചിരിക്കുന്നത്.

2022ൽ പിണറായി വിജയൻ സർക്കാരിന്റെ പോലീസ് തൃശൂരിൽ രണ്ട് കന്യാസ്ത്രീകൾക്കെതിരെ സമാനമായ കേസ് എടുത്തപ്പോൾ ഈ ഗൂഢാലോചനാ വാദം എവിടെയായിരുന്നു എന്നും പോസ്റ്റിൽ ബിജെപി നേതാവ് ചോദ്യമുയർത്തുന്നുണ്ട്.

രാജീവ് ചന്ദ്രശേഖറും ബിജെപി കേരളയും പങ്കുവെച്ച എഫ്ബി പോസ്റ്റ്:

ഒരു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നിയമപരമായി എടുത്തൊരു കേസ് മാത്രമാണിത്. പുതിയ ഭാരതീയ ന്യായ സംഹിത പ്രകാരം മനുഷ്യക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങൾ എൻഐഎയുടെ പരിധിയിൽ വരുന്നതുകൊണ്ടാണ് കേസ് ആ ഏജൻസിക്ക് കൈമാറിയത്. ഇത് സ്വാഭാവികമായ ഒരു നിയമ നടപടിക്രമം മാത്രമാണ്. ഇതിൽ എവിടെയാണ് ബിജെപിയുടെ ഗൂഢാലോചന? ഇതേ ആരോപണങ്ങൾ ഉന്നയിക്കുന്നവർ കേരളത്തിൽ നടന്ന സമാനമായ സംഭവങ്ങളെ സൗകര്യപൂർവ്വം മറക്കുകയാണ്. 2022-ൽ പിണറായി വിജയൻ സർക്കാരിന്റെ പോലീസ് രണ്ട് കന്യാസ്ത്രീകൾക്കെതിരെ സമാനമായ കേസ് എടുത്തപ്പോൾ ഈ ഗൂഢാലോചനാ വാദം എവിടെയായിരുന്നു? തൃശ്ശൂരിൽ മതിയായ രേഖകളില്ലാതെ പെൺകുട്ടികളെ കൊണ്ടുവന്നപ്പോൾ അന്നത്തെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. അതെല്ലാം നിയമപരമായ നടപടികളായി കാണുകയും, ഇപ്പോൾ മാത്രം ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.

- വിപിൻ കുടിയേടത്ത്

SCROLL FOR NEXT