"കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ കൈവിലങ്ങും മർദനവും; നേതാക്കൾക്ക് എന്താണ് പറയാനുള്ളത്? ബിജെപി ആട്ടിൻതോലണിഞ്ഞ ചെന്നായ ആണെന്ന കാര്യം ബന്ധപ്പെട്ടവർ മനസിലാക്കണം"

വർഗീയ ധ്രുവീകരണത്തിന് എന്തും ചെയ്യാൻ മടിക്കാത്ത ശക്തികളാണ് സിസ്റ്റർമാരെയും തുറുങ്കിൽ അടച്ചിരിക്കുന്നതെന്ന് എം.വി. ഗോവിന്ദന്‍
CPIM Kerala State Secretary M V Govindan
എം.വി. ഗോവിന്ദന്‍
Published on

ഛത്തീസ്‌ഗഡില്‍ മനുഷ്യക്കടത്ത് ചുമത്തി മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതില്‍ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഭരണഘടനയോടും മനുഷ്യാവകാശങ്ങളോടും സാമാന്യ നടപടിക്രമങ്ങളോടുമുള്ള കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ധിക്കാരവും അനാദരവും പ്രകടമാക്കിയ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. ഏത് മതത്തിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഭരണഘടന അനുവാദം നൽകുന്നുണ്ട്. അങ്ങനെയുള്ളൊരു രാജ്യത്താണ് ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ഗോവിന്ദന്‍ പറയുന്നു.

മോദി അധികാരത്തിൽ വന്ന ശേഷമാണ് ന്യൂനപക്ഷവിരുദ്ധ ആക്രമണങ്ങൾ പതിന്മടങ്ങ് വർധിച്ചതെന്ന് ഗോവിന്ദന്‍ വിശദീകരിച്ചു. 2014ൽ 127 ആക്രമണങ്ങളാണ് ക്രൈസ്‌തവർക്കെതിരെമാത്രം റിപ്പോർട്ട് ചെയ്തതെങ്കിൽ 2024ൽ അത് 834 ആയി വർധിച്ചു. ഈ വർഷം ജൂൺവരെ 378 ആക്രമണം റിപ്പോർട്ട് ചെയ്തു. ബിജെപി ഭരണം നടത്തുന്ന യുപി, ഛത്തീസ്ഗഡ്‌, ഗുജറാത്ത്, ഒഡിഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. മൂന്ന് വർഷംമുമ്പ് കോൺഗ്രസ് ഭരിക്കുമ്പോഴും ഛത്തീസ്ഗഡിലെ നാരായൺപുരിൽ ക്രൈസ്‌തവർക്കു നേരെ വ്യാപകമായ ആക്രമണങ്ങൾ ഉണ്ടായിരുന്നു. കേരളത്തിൽ മാത്രമാണ് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതെന്ന് ക്രൈസ്തവ മതമേലധ്യക്ഷന്മാർതന്നെ പറഞ്ഞു.

CPIM Kerala State Secretary M V Govindan
രാജ്യത്ത് മുസ്ലീം വിരോധം പടർത്തുന്നതിൽ മെത്രാന്മാർക്കും പങ്കുണ്ട്; തൃശൂരിൽ സുരേഷ് ഗോപി ക്രൈസ്തവരുടെ വോട്ട് വാങ്ങിയാണ് ജയിച്ചതെന്ന് മറക്കരുത്: ഫാ. പോൾ തേലക്കാട്ട്

കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും അവർ അണിയുന്ന വസ്ത്രത്താൽ തിരിച്ചറിഞ്ഞ് ആക്രമിക്കുകയെന്ന രീതി ആവർത്തിക്കപ്പെടുന്നുവെന്ന് ഗോവിന്ദന്‍ പറയുന്നു. ക്രിസ്ത്യൻ മതത്തിൽപ്പെട്ടവർ മരിച്ചാൽ മറവു ചെയ്യാൻപോലും അനുവദിക്കാത്തവിധം സാമൂഹ്യാന്തരീക്ഷം കലുഷിതം. മൃതദേഹം സംസ്കരിക്കണമെങ്കിൽ മതം മാറണം എന്നതുൾപ്പെടെയുള്ള ഭീതിജനകമായ കൽപ്പനകളാണ് ഹിന്ദുത്വവാദികൾ നടത്തുന്നത്. സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് മതപരിവർത്തനം നടത്തുന്നതുൾപ്പെടെയുള്ള വാർത്തകളാണ് ബിജെപിക്ക് ഡബിൾ എൻജിൻ സർക്കാരുള്ളിടത്തുനിന്ന്‌ കേൾക്കുന്നത്. എന്ത് വസ്ത്രം ധരിക്കണമെന്നും ഏത് ഭക്ഷണം കഴിക്കണമെന്നും എങ്ങനെ പ്രാർഥിക്കണമെന്നും എങ്ങനെ മൃതദേഹം സംസ്കരിക്കണം എന്നുവരെ ഹിന്ദുത്വവാദികൾ നിശ്ചയിക്കുന്നത് ഭീതിജനകമാണ്. ഇവരെ നിയന്ത്രിക്കേണ്ട പൊലീസ് ആകട്ടെ ഈ സംസ്ഥാനങ്ങളിൽ അക്രമികൾക്കൊപ്പം ചേർന്ന് ഇരകളെ വേട്ടയാടുകയാണ്.

ക്രിസ്‌മസിനും ഈസ്റ്ററിനും കേക്കുമായി ക്രിസ്തീയ ദേവാലയങ്ങളിലും വീടുകളിലും എത്തുന്ന ബിജെപി നേതാക്കൾക്ക് ഇതുസംബന്ധിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും ഈ സിസ്റ്റർമാരുടെ മോചനത്തിന് എന്തു ചെയ്തു? കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ കൈവിലങ്ങും മർദനവും എന്ന സമീപനം സ്വീകരിക്കുന്ന ബിജെപി ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന കാര്യം ഇനിയെങ്കിലും ബന്ധപ്പെട്ടവർ മനസിലാക്കണം. വർഗീയ ധ്രുവീകരണത്തിന് എന്തും ചെയ്യാൻ മടിക്കാത്ത ശക്തികളാണ് സിസ്റ്റർമാരെയും തുറുങ്കിൽ അടച്ചിരിക്കുന്നത്.

CPIM Kerala State Secretary M V Govindan
കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രശ്ന പരിഹാരത്തിന് ആത്മാർഥമായി ഇടപെട്ടത് ബിജെപി മാത്രമെന്ന് ജോർജ് കുര്യൻ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ സേക്രട്ട് ഹാർട്ട് പള്ളി സന്ദർശിക്കുകയും മരം നടുകയും ചെയ്തു. ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡയും ഇതേ പള്ളി സന്ദർശിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോൾ അവർ തനിനിറം പുറത്തെടുത്തു. ഭരണഘടന നൽകുന്ന അവകാശങ്ങളും ന്യൂനപക്ഷ സംരക്ഷണവുമാണ് കാറ്റിൽ പറത്തപ്പെട്ടത്. മതനിരപേക്ഷത, ജനാധിപത്യം, ന്യൂനപക്ഷ സംരക്ഷണം തുടങ്ങി ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന ഉന്നതമായ ആശയങ്ങൾ സംരക്ഷിക്കാൻ വലിയ പോരാട്ടംതന്നെ വേണ്ടിവരുമെന്ന സന്ദേശമാണ് ഛത്തീസ്ഗഡിൽനിന്ന്‌ ഉയരുന്നത്. അതിനായി രംഗത്തിറങ്ങാൻ എല്ലാ ജനാധിപത്യ മതനിരപേക്ഷ വാദികളും തയ്യാറാകണമെന്നും ഗോവിന്ദന്‍ ലേഖനത്തില്‍ അഭ്യർഥിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com