രമേശ് ചെന്നിത്തല Source; ഫയൽ ചിത്രം
KERALA

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ; രമേശ് ചെന്നിത്തലയുടെ മൊഴി എടുക്കുന്നത് വൈകും

എസ്ഐടിക്ക് മുമ്പാകെ ഇന്ന് മൊഴി നൽകാനായിരുന്നു അറിയിച്ചിരുന്നത്. പിന്നീട് എസ്ഐടി തന്നെ അത് മാറ്റിവയ്ക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ രമേശ് ചെന്നിത്തലയുടെ മൊഴി എടുക്കുന്നത് വൈകും. എസ്ഐടിക്ക് മുന്നാകെ ഇന്ന് മൊഴി നൽകാനായിരുന്നു അറിയിച്ചിരുന്നത്. പിന്നീട് എസ്ഐടി തന്നെ അത് മാറ്റിവയ്ക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പോകാനുള്ളതുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇല്ലെന്നാണ് രമേശ് ചെന്നിത്തലയെ പ്രത്യേക അന്വേഷണസംഘം അറിയിച്ചിട്ടുള്ളത്. മൊഴിയെടുക്കാൻ പറ്റുന്ന അടുത്ത തീയതി അറിയിക്കാം എന്നും വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ളയ്ക്ക് പുരാവസ്തു തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തല ആരോപിച്ചത്. ഇതിൻ്റെ തെളിവുകൾ ഉള്ള ആൾ തൻ്റെ പരിചയത്തിൽ ഉണ്ട്. എസ്ഐടി ആവശ്യപ്പെട്ടാൽ ഇതുമായി ബന്ധപ്പെട്ട ആളെ കണക്ട് ചെയ്തു കൊടുക്കാം എന്നും രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇത് വ്യക്തമാക്കി പ്രത്യേക അന്വേഷണസംഘത്തിന് ചെന്നിത്തല കത്തും നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ മൊഴി എടുക്കാൻ തീരുമാനിച്ചത്.

കാണാതെ പോയ സ്വര്‍ണപ്പാളികൾ രാജ്യാന്തര കരിഞ്ചന്തയില്‍ ഇടപാട് നടത്തിയത് 500 കോടിക്കെന്ന് അറിവ് കിട്ടിയതായി രമേശ് ചെന്നിത്തല കത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അന്താരാഷ്ട്ര മാഫിയയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രത്യേകാന്വേഷണ സംഘത്തോട് വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശബരിമല സ്വര്‍ണമോഷണം ഒരു സാധാരണ മോഷണമല്ല, മറിച്ച് അന്താരാഷ്ട്ര മാനങ്ങളുള്ള ഒന്നാണ്. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ ഈ കേസിലെ സഹപ്രതികള്‍ മാത്രമാണ്. ഇതിൻ്റെ മുഖ്യസംഘാടകര്‍ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയില്‍ ആയിട്ടില്ല, രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

SCROLL FOR NEXT