KERALA

എല്‍ഡിഎഫിനൊപ്പമെന്ന് ജോസ് കെ. മാണി പറഞ്ഞല്ലോ; മുന്നണി മാറാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തിടത്തോളം ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല: രമേശ് ചെന്നിത്തല

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരികെ എത്തിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഒരു മുന്നണിക്കകത്ത് നിന്ന് നില്‍ക്കുന്ന കക്ഷിയെ പിടിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരികെ എത്തിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ജോസ് കെ. മാണി പറയുന്നത് അവര്‍ ഇടതുമുന്നണിയുടെ ഭാഗമാണെന്നാണ്. മുന്നണി മാറ്റത്തിന് താല്പര്യം പ്രകടിപ്പിക്കാത്തിടത്തോളം ചര്‍ച്ചയ്ക്ക് പ്രസക്തി ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അവര്‍ ഇടത് മുന്നണിയില്‍ തുടരുന്നു എന്ന് പറഞ്ഞല്ലോ. മുന്നണിക്കകത്ത് നില്‍ക്കുന്ന കക്ഷിയെ ഞങ്ങള്‍ പിടിച്ച് കൊണ്ട് വരാന്‍ ശ്രമിക്കുന്നത് ശരിയായ നടപടി അല്ല. അല്ലെങ്കില്‍ അവര്‍ പറയണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വരുന്ന തെരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ അധികം നേടി ഭരണത്തില്‍ വരും എന്നത് സംശയം ഇല്ലാത്ത കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഐഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തിയ ഐഷാ പോറ്റി പറഞ്ഞത് പ്രസക്തമാണ്. അന്ന് അവര്‍ ചേര്‍ന്ന സമയത്ത് ഉള്ള പാര്‍ട്ടി അല്ല ഇപ്പോള്‍ ഉള്ളത്. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയമാണ് വ്യക്തമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വളരെ മാന്യമായി എംഎല്‍എ ആയിരുന്ന കാലത്ത് നമ്മളോട് ഇടപെട്ടിരുന്ന ആള്‍ ആണ് ഐഷ പോറ്റി. അവര്‍ വന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേ ഉള്ളൂ. കൂടുതല്‍ പേര്‍ വരും. യുഡിഎഫിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താന്‍ ഏതേലും പാര്‍ട്ടിയെ ചാക്കിട്ട് പിടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഇടതുപക്ഷം നേരിടും. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഏറ്റെടുത്ത സ്ഥലത്തെക്കുറിച്ച് ഉയരുന്ന വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. വയനാട്ടില്‍ എവിടെയാണ് ആനയും കടുവയും ഇറങ്ങാത്തത്. അതൊക്കെ തെറ്റായ പ്രചാരണം ആണ്. വാസയോഗ്യമായ സ്ഥലത്ത് തന്നെയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. നുണ പ്രചാരണങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കരുത്. വൈകാതെ തന്നെ വീടു വച്ചു നല്‍കുമെന്നും നുണപ്രചാരണങ്ങള്‍ വയനാട്ടിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT