വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തം നടന്ന് രണ്ടു വർഷമാകുമ്പോഴും ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും പൂർത്തിയായില്ല. രണ്ടാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കാണ് സർക്കാർ ടൗൺ ഷിപ്പിൽ ഇനിയും വീടുകൾ ലഭിക്കാനുള്ളത്. കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് വാടക വീടുകളിലാണ്.
സർക്കാരിൻ്റെ രണ്ടാം ഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 149 കുടുംബങ്ങൾക്കാണ് ടൗൺഷിപ്പിൽ ഇനി വീടുകൾ ലഭിക്കാനുള്ളത്. സെപ്റ്റംബർ മാസം അവസാനത്തോടെ പണി പൂർത്തിയാക്കി മുഴുവൻ വീടുകളും ദുരന്ത ബാധിതർക്ക് കൈമാറും എന്നാണ് സംസ്ഥാന സർക്കാരും നിർമ്മാണ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും അറിയിച്ചിട്ടുള്ളത്.
എന്നാൽ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ സെപ്റ്റംബർ മാസത്തിൽ വീടുകളുടെ നിർമാണം പൂർത്തിയാകുമോ എന്ന ആശങ്കയിലാണ് ദുരന്ത ബാധിതർ. കൂടാതെ കഴിഞ്ഞ രണ്ടു വർഷമായി വാടക വീടുകളിലെ പരിമിതമായ സൗകര്യങ്ങളിൽ ജീവിക്കുന്നതിൻ്റെ ബുദ്ധിമുട്ടും ദുരന്ത ബാധിതർക്കുണ്ട്.
ആകെ 410 വീടുകളാണ് ടൗൺഷിപ്പിൽ ഒരുങ്ങുന്നത്. ഇതിൽ 178 വീടുകൾ മെയ് മാസം അവസാനത്തോടെ ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് കൈമാറി. കൈമാറിയ 178 വീടുകളടക്കം ആകെ 317 വീടുകളുടെ വാർപ്പാണ് ഇതുവരെ പൂർത്തിയായത്. വീടുകളുടെ പണി അടിയന്തിരമായി പൂർത്തിയാക്കി തങ്ങൾക്ക് കേറി താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ദുരന്ത ബാധിതർ ആവശ്യപ്പെടുന്നത്.