

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ ഇടപാട് സംബന്ധിച്ച നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മൂന്ന് അധ്യാപികമാരും കോളേജ് വിദ്യാർഥിനികളെയാണ് ലക്ഷ്യം വെച്ചിരുന്നതെന്നാണ് വിവരം.
വിദ്യാർഥിനികളുമായി ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട് നിരന്തര ചാറ്റിങ്ങിലൂടെ ലഹരി കണ്ണിയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഫുഡ് ആപ്പിൻ്റെ മറവിൽ ആയിരുന്നു ലഹരി എത്തിച്ച് നൽകിയിരുന്നത്. അധ്യാപികമാർ ആയതിനാൽ ഇക്കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല.
സൂംബ ക്ലാസും ബൺ വിൽപ്പനയും ലഹരിക്കടത്തിന് മറയാക്കി നടത്തിയിരുന്നു. ഇക്കാര്യം പൊലീസ് വിശദമായി പരിശോധിച്ചുവരുകയാണ്. ഫുഡ് ആപ്പ് വഴി ലഹരി വിൽപ്പനയ്ക്ക് നേതൃത്വം നൽകിയ ജിജിൻ പിടിയിലായതോടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
മൂന്ന് അധ്യാപികമാരും ഏജൻ്റുമാർ ആയിരുന്നില്ലെന്നും, ലഹരി ഉപയോഗിക്കാൻ പണമില്ലാതെ വന്നതോടെയാണ് അധ്യാപികമാർ ഏജൻ്റുമാരായി മാറിയതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
കൂടുതൽ അധ്യാപകരെ ലഹരികണ്ണിയിൽ പെടുത്താനുള്ള ശ്രമം നടന്നതായും കണ്ടെത്തലുണ്ട്. ബാംഗ്ലൂരിൽ നിന്നാണ് ലഹരി മരുന്ന് കോഴിക്കോട് എത്തിച്ചിരുന്നത്. അധ്യാപികമാർ ബാംഗ്ലൂരിലും മറ്റും യാത്ര ചെയ്തതിൻ്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ആഡംബര ജീവിതത്തിലും യാത്രയ്ക്കുമാണ് ഇവർ പണം ചെലവഴിച്ചിരുന്നതെന്നും അന്വേഷണം സംഘം കണ്ടെത്തി.