തൃശൂർ: തദ്ദേശ ഭരണ സമിതി തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നടന്നത് ഓപ്പറേഷൻ ലോട്ടസെന്ന് റിപ്പോർട്ട്. മറ്റത്തൂർ, പാറളം, വല്ലച്ചിറ , അവിണ്ണിശ്ശേരി എന്നിങ്ങനെ നാല് പഞ്ചായത്തുകൾ ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ നീക്കം. ഭരണ സമിതിയിലെ താൽക്കാലിക വിജയത്തിനപ്പുറം വാർത്ത സൃഷ്ടിക്കുകയെന്ന പ്രധാന ലക്ഷ്യം മുന്നിൽ കണ്ടായിരുന്നു ബിജെപി നീക്കങ്ങൾ. മറ്റത്തൂരും പാറളത്തും പദ്ധതി വിജയിച്ചെങ്കിലും വല്ലച്ചിറയിലും അവിണ്ണിശ്ശേരിയിലും ലക്ഷ്യം കണ്ടില്ല.
സ്വതന്ത്ര വാർഡ് മെമ്പർമാരായാൽ പിന്തുണയ്ക്കാമെന്ന ഉപാധിക്ക് കോൺഗ്രസ് അംഗങ്ങൾ വഴങ്ങിയതോടെയാണ് മറ്റത്തൂരിൽ ഓപ്പറേഷൻ താമര വിജയിച്ചത്. കോൺഗ്രസ് അംഗങ്ങൾ രാജിവെച്ചാൽ നടക്കാനിടയുള്ള ഉപതെരഞ്ഞെടുപ്പ് സാധ്യതയെക്കുറിച്ചും ബിജെപിക്ക് കണക്കുകൂട്ടലുണ്ടായിരുന്നു. ബിജെപി - ജില്ലാ സംസ്ഥാന നേതാക്കൾ മറ്റത്തൂരിൽ നടത്തിയ നീക്കം വിജയിച്ചതോടെയാണ് മറ്റിടങ്ങളിലും അതിവേഗം പരീക്ഷണത്തിന് ശ്രമിച്ചത്.
അതേസമയം മറ്റത്തൂരിലെ കൂട്ടക്കൂറുമാറ്റ വിവാദം കൈവിട്ടുപോയതോടെ കെപിസിസി സമാന്തര അനുനയ നീക്കത്തിനുള്ള ശ്രമം ആരംഭിച്ചു. സണ്ണി ജോസഫിൻ്റെ നിർദേശത്തിന് പിന്നാലെ വിമത നേതാക്കളുമായി റോജി എം. ജോൺ എംഎൽഎ ചർച്ച നടത്തി. മുൻ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രനടക്കമുള്ള നേതാക്കൾ അങ്കമാലിയിലെത്തിയാണ് റോജി എം. ജോൺ എംഎൽഎമായി ചർച്ച നടത്തിയത്. ഡിസിസിയുടെ അച്ചടക്കം നടപടി നിലനിൽക്കെയാണ് കെപിസിസിയുടെ സമാന്തര ഇടപെടൽ.
നേരത്തെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ടി.എം. ചന്ദ്രനുമായി സംസാരിച്ചിരുന്നു. ബിജെപിക്ക് പിന്തുണ നൽകിയതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് നിന്ന് പുറത്താക്കിയ മറ്റത്തൂർ പഞ്ചായത്തിലെ നേതാക്കന്മാർ ഇന്നലെ രാത്രിയിൽ യോഗം ചേർന്നിരുന്നു. യോഗത്തിനിടയിലാണ് സണ്ണി ജോസഫുമായി ടി.എം. ചന്ദ്രൻ സംസാരിച്ചത്. ഡിസിസിയുടെ തെറ്റായ നടപടികളും തീരുമാനങ്ങളുമാണ് മറ്റത്തൂരിലെ പ്രതിസന്ധികൾക്ക് കാരണമെന്നാണ് ചന്ദ്രൻ വ്യക്തമമാക്കിയത്. കെപിസിസിയോടെ കാര്യങ്ങൾ ചർച്ച ചെയ്യുകയുള്ളുവെന്ന് നേരത്തെ തന്നെ ചന്ദ്രൻ വ്യക്തമാക്കിയിരുന്നു. സണ്ണി ജോസഫുമായി സംസാരിച്ചതോടെയാണ് അനുനയനീക്കങ്ങൾക്ക് വഴി തെളിഞ്ഞത്.