തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി അധ്യക്ഷ പദവിയിലേക്കുള്ള സംവരണ നടപടികൾ പൂർത്തിയായി. കൊച്ചി, തൃശ്ശൂർ, കണ്ണൂർ എന്നീ കോർപ്പറേഷനുകളിൽ സ്ത്രീ സംവരണമാണ്. ജില്ലാ പഞ്ചായത്തിൽ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി ഉൾപ്പെടെ എട്ട് സ്ത്രീകളാണ്. മലപ്പുറം, ആലപ്പുഴ, കണ്ണൂർ, കോട്ടയം എന്നിവയാണ് സംവരണ ഇതര ജില്ലാ പഞ്ചായത്തുകൾ. 87 മുൻസിപ്പാലിറ്റികളിൽ പട്ടികജാതി, പട്ടികവർഗം ഉൾപ്പെടെ 44 ഉം പഞ്ചായത്തുകളിൽ 417 എണ്ണവും സ്ത്രീ സംവരണവുമാണ്.
അതിനിടെ കോട്ടയം ചിറക്കടവ് പഞ്ചായത്തിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് വീണ്ടും നടത്തും. കഴിഞ്ഞ മാസം 16ന് നടന്ന നറുക്കെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. ആദ്യം നടന്ന നറുക്കെടുപ്പിൽ സംവരണ വാർഡുകൾക്ക് പകരം ജനറൽ വാർഡാണ് നറുക്കെടുത്തത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് വീണ്ടും നറുക്കെടുക്കുന്നത്.
കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള UDF സീറ്റ് വിഭജനം പൂർത്തിയായി. കോൺഗ്രസ് 14 സീറ്റിലും മുസ്ലീംലീഗ് 11 സീറ്റിലും മത്സരിക്കുമെന്നാണ് തീരുമാനം. CMP, RMP, കേരള കോൺഗ്രസ് ജോസഫ് എന്നീ പാർടികൾ ഓരോ സീറ്റിലും മത്സരിക്കും. നാളെയാണ് കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള സീറ്റ് വിഭജനം.