റിനി ആൻ ജോർജ്  Source; News Malayalam 24X7
KERALA

"രാഹുലിനെതിരെ പരാതി നൽകിയാൽ കൊന്ന് കളയും"; റിനി ആൻ ജോർജിന് വധഭീഷണി

അജ്ഞാതൻ വീട്ടിലെത്തി വധഭീഷണി മുഴക്കിയതായി റിനി ആൻ ജോർജ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയതിന് അജ്ഞാതൻ വീട്ടിലെത്തി വധഭീഷണി മുഴക്കിയതായി റിനി ആൻ ജോർജ്. രാഹുലിനെതിരെ പരാതി നൽകിയാൽ കൊന്ന് കളയുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് റിനി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ റിനി ആൻ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിജീവിതകളുടെ സന്തോഷത്തിൽ പങ്കു ചേരുന്നുവെന്നും തൻ്റെ സഹോദരിമാർക്ക് നീതി നൽകാൻ നിമിത്തമായതിൽ സന്തോഷിക്കുന്നുവെന്നുമായിരുന്നു നടിയുടെ പ്രതികരണം.

രാഹുലിനെതിരെ ആദ്യമായി പരാതി ഉന്നയിക്കുന്നത് റിനി ആൻ ജോർജ് ആയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ നിരവധി പരാതികൾ ഉയർന്നുവന്നത്. രാഹുലിനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ റിനിക്ക് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

വധഭീഷണി മുഴക്കി പിന്തിരിപ്പിക്കാമെന്ന വ്യാമോഹം ഒന്നും വേണ്ടെന്നും, അതിജീവിതമാര്‍ക്കുള്ള പിന്തുണ എന്നുമുണ്ടാകുമെന്നും റിനി പറഞ്ഞു. ഇത്തരം ഭീഷണികളിൽ പേടിക്കുമെന്ന തോന്നൽ വേണ്ടെന്നും, താൻ അങ്ങനെ ഒരു വ്യക്തി അല്ലെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.

എൻ്റെ മകൾ എന്താണ് ചെയ്തതെന്ന് പറയണം. ഒരു യുവ നേതാവിനെതിരെ പരാതി പറഞ്ഞു, അതും പേര് വെളിപ്പെടുത്താതെയാണ് പറഞ്ഞത് എന്ന് പിതാവ് ജോർജ് ജോസഫ് പറഞ്ഞു. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും, ഭീഷണി കണ്ട് പിന്മാറില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.

പറയാനുള്ളത് പറഞ്ഞു കൊണ്ടേയിരിക്കുമെന്നും, പരാതിയിൽ നിന്ന് പിന്മാറില്ലെന്നും അവർ വ്യക്തമാക്കി. പറവൂർ പൊലീസിന് പരാതി കൊടുത്തിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പിതാവ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ ഭീഷണിപ്പെടുത്തുന്ന കമന്റുകളെ സീരിയസായി എടുത്തിരുന്നില്ല. എന്നാൽ ഇന്നലത്തെ സംഭവം ഗൗരവത്തോടെ എടുക്കുന്നുവെന്നും റിനി പറഞ്ഞു.

SCROLL FOR NEXT