KERALA

ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ: ശബരിമല സ്പോൺസർഷിപ്പ് ഇടപാടുകളിൽ വൻ ക്രമക്കേട് നടന്നതായി ഇഡി

ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നും നിർണായക രേഖകൾ പിടിച്ചെടുത്തു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്പോൺസർഷിപ്പ് ഇടപാടുകളിൽ വൻ ക്രമക്കേട് നടന്നതായി ഇഡിയുടെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം തട്ടിപ്പിന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു. പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തിയെന്നും കണ്ടെത്തൽ. പ്രതികൾ തട്ടിപ്പിലൂടെ സമ്പാദിച്ച സ്വത്തുക്കൾ ഉടൻ കണ്ടുകെട്ടുമെന്ന് ഇഡി അറിയിച്ചു.

ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നും നിർണായക രേഖകൾ പിടിച്ചെടുത്തു. പോറ്റി വാങ്ങിക്കൂട്ടിയ ആസ്തി സംബന്ധിച്ച രേഖകൾ വീട്ടിൽ നിന്നും ലഭിച്ചു. സ്മാർട്ട് ക്രിയേഷൻസിൻ്റെയും ഗോവർദ്ധൻ്റെയും ഇടപാടുകളിലും ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ തട്ടിപ്പിലൂടെ സമ്പാദിച്ച സ്വത്തുക്കൾ ഉടൻ കണ്ടുകെട്ടുമെന്നാണ് ലഭ്യമാകുന്ന വിവരം.

കഴിഞ്ഞ ദിവസമാണ് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്നപേരിൽ അന്വേഷണം ആരംഭിച്ചത്. സ്വർണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയുടേയും എ. പത്മകുമാറിൻ്റേയും എൻ. വാസുവിൻ്റേയും വീടുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ദേവസ്വം ബോർഡ് ആസ്ഥാനമടക്കം 21 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്.

തിരുവനന്തപുരത്ത് മാത്രം അഞ്ച് ഇടങ്ങളിലാണ് പരിശോധന നടന്നത്. എൻ. വാസുവിൻ്റെ പേട്ടയിലെ വീട്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ പുളിമാത്തെ വീട്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനി ദേവിയുടെ വെഞ്ഞാറമൂട്ടിലെ വീട്, പാങ്ങാപ്പാറയിലെ കെ.എസ്. ബൈജുവിൻ്റെ ഫ്ലാറ്റ്, ദേവസ്വം ബോർഡ് ആസ്ഥാനം എന്നിവിടങ്ങളിലായിരുന്നു പരിശോധന. പത്തനംതിട്ടയിൽ എ. പത്മകുമാറിൻ്റെ വീട്ടിലും ഇഡിയെത്തി. ശബരിമലയിലെ രണ്ട് മുൻ ജീവനക്കാരുടെ അങ്കമാലിയിലെയും കാക്കനാട്ടെയും വീടുകളിലും ഇഡി പരിശോധന നടത്തി.

സംസ്ഥാനത്തിന് പുറത്ത് നാലിടങ്ങളിലും പരിശോധന നടന്നിരുന്നു. കർണാടകയിലെ ബെല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിലും, ഫോർട്ട് ഏരിയയിലുള്ള ഗോവർദ്ധൻ്റെ വീട്ടിലും, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്.

SCROLL FOR NEXT