Source: News Malayalam 24X7
KERALA

കുസാറ്റിൽ 2006 ലെ റീഡർ നിയമനത്തിൽ അട്ടിമറി; എൻ. മനോജിന്റെ നിയമനം മാനദണ്ഡങ്ങൾ അട്ടിമറിച്ച്, രേഖകൾ ന്യൂസ് മലയാളത്തിന്

സേവ് യൂണിവേഴ്സിറ്റി ഫോറം അംഗം ആർ.എസ്. ശശികുമാർ അടങ്ങിയ സിൻഡിക്കേറ്റാണ് നിയമനം നൽകിയത്.

Author : ശാലിനി രഘുനന്ദനൻ

കൊച്ചി: കുസാറ്റ് പരീക്ഷാ കൺട്രോളർ ഡോ. എൻ. മനോജിനെ 2006 ൽ റീഡർ തസ്തികയിൽ നിയമിച്ചത് മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്ന് രേഖകൾ. അധ്യാപന പരിചയമില്ലാത്ത മനോജിന് യുഡിഎഫ് ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റാണ് നിയമനം നൽകിയത്. സേവ് യൂണിവേഴ്സിറ്റി ഫോറം അംഗം ആർ.എസ്. ശശികുമാർ അടങ്ങിയ സിൻഡിക്കേറ്റാണ് നിയമനം നൽകിയത്. മനോജിന് യോഗ്യതയില്ലെന്ന് തെളിയിക്കുന്ന രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

കുസാറ്റ് വൈസ് ചാൻസലർ ഡോ എം. ജുനൈദ് ബുഷ്റിയെ കുസാറ്റിൽ 2006 ൽ റീഡർ തസ്തികയിൽ നിയമിച്ചത് യോഗ്യതകൾ ഇല്ലാതെയാണെന്ന് തെളിയിക്കുന്ന രേഖകൾ ന്യൂസ് മലയാളം നേരത്തേ പുറത്തുവിട്ടിരുന്നു. കുസാറ്റിൽ ഒഴിവ് വന്ന റീഡർ തസ്തികയിൽ അധ്യാപന പരിചയമില്ലാത്ത ജുനൈദ് ബുഷ്റിയെ നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നാണെന്നും രേഖകൾ വ്യക്തമാക്കുന്നു. വെറും ടെക്നിക്കൽ ഓഫീസറായ ജുനൈദ് ബുഷ്റിയെ 2006 ൽ യുഡിഎഫിന് ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റാണ് റീഡറായി നിയമനം നൽകിയതെന്നും രേഖകളിൽ കാണിച്ചിരുന്നു.

2000-ലെ യുജിസി റെഗുലേഷൻ അനുസരിച്ച് റീഡർ തസ്തികയിലേക്ക് നിയമനം ലഭിക്കണമെങ്കിൽ താഴെപ്പറയുന്ന യോഗ്യതകൾ വേണം

1.പിഎച്ച്ഡി/പിഎച്ച്ഡിക്ക് തത്തുല്യമായ ശാസ്ത്ര പ്രസിദ്ധീകരണം

2.അഞ്ച് വർഷത്തെ ലക്ചറർ ആയി പ്രവർത്തിച്ച പരിചയം/അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ 5 വർഷം സയന്റിസ്റ്റായി പ്രവർത്തിച്ച പരിചയം

എന്നാൽ ഈ രണ്ട് യോഗ്യതയും ജുനൈദ് ബുഷ്റിക്ക് ഇല്ല എന്ന് വിവരാവകാശ രേഖയിൽ വ്യക്തമായിരുന്നു. ഇപ്പോൾ എൻ. മനോജിനും അധ്യാപന പരിചയമില്ലെന്നാണ് കണ്ടെത്തൽ.

SCROLL FOR NEXT