തൃശൂർ: കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ചുവിട്ട കൊച്ചുവേലായുധന് വീടൊരുങ്ങി. സിപിഐഎം നിർമ്മിച്ച വീടിൻ്റെ താക്കോൽ ഇന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കൈമാറി. 75 ദിവസം കൊണ്ടാണ് വീടിൻ്റെ നിർമാണം പൂർത്തിയാക്കിയത്.
വേലായുധനും ഭാര്യ സരോജിനിയും മൂന്നു മക്കളും അടങ്ങുന്ന അഞ്ചംഗ കുടുംബത്തിന് ഇനി ഒറ്റ മുറി കൂരയിൽ കഴിയേണ്ട. അടച്ചുറപ്പുള്ള മനോഹരമായ വീട്ടിൽ താമസിക്കാം. സ്വന്തം വീടെന്നത് അയാളുടെ ദീർഘനാളത്തെ സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് സിപിഐഎമ്മിന്റെ സഹായത്തോടുകൂടി യാഥാർഥ്യമായത്.
കഴിഞ്ഞ സെപ്റ്റംബർ 13നാണ് പുള്ളിൽ നടന്ന പരിപാടിക്കിടെ കൊച്ചുവേലായുധൻ അപമാനിക്കപ്പെട്ടത്. രണ്ടുവർഷം മുമ്പ് തെങ്ങ് വീണ് തകർന്ന വീടിൻ്റെ അറ്റകുറ്റപ്പണിക്കുള്ള സഹായവും തേടിയാണ് കൊച്ചുവേലായുധൻ എംപിക്ക് അപേക്ഷ നൽകിയത്. കൊച്ചുവേലായുധൻ അപേക്ഷ നീട്ടിയപ്പോൾ സുരേഷ് ഗോപി അത് വാങ്ങാൻ വിസമ്മതിക്കുകയായിരുന്നു. ഇത് എംപിയുടെ പണിയേ അല്ല എന്ന് പറഞ്ഞാണ് സുരേഷ് ഗോപി ഇയാളെ തിരിച്ചുവിടുന്നത്. അപേക്ഷ തുറന്ന് പോലും നോക്കാതെയാണ് സുരേഷ് ഗോപി കൊച്ചുവേലായുധനെ പറഞ്ഞുവിടുന്നത്.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായിരുന്നു. വയോധികനെ തിരിച്ചുവിട്ടതിന് പിന്നാലെ മറ്റൊരാൾ കയ്യിൽ കരുതിയിരുന്ന നിവേദനം പിന്നോട്ട് ചുരുട്ടിവെക്കുന്നതായും ദൃശ്യങ്ങളിലുണ്ടായിരുന്നു. സുരേഷ് ഗോപിക്കെതിരെ വൻ വിമർശനമാണ് സംഭവത്തിന് ശേഷം ഉയർന്നുവന്നത്. പിന്നാലെ സിപിഐഎം ചേർപ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചുവേലായുധൻ്റെ ഭവനനിർമാണം ഏറ്റെടുക്കുകയായിരുന്നു.