KERALA

മന്ത്രിസഭയില്‍ ഏതെങ്കിലും ജാതിമത വിഭാഗങ്ങള്‍ക്ക് അമിത പ്രധാന്യം നല്‍കരുത്: സച്ചിദാനന്ദ സ്വാമികള്‍

സമുദായ പ്രാതിനിധ്യം ലഭിക്കാത്ത സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മന്ത്രിസഭയിലും പേഴ്സണൽ സ്റ്റാഫിലും ദളിത്‌ പിന്നോക്ക സമുദായങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമികൾ ആവശ്യപ്പെട്ടു.

ഏതെങ്കിലും ജാതിമത വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ അമിത പ്രാധാന്യം നൽകരുതെന്നും, സമുദായ പ്രാതിനിധ്യം ലഭിക്കാത്ത സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. മുമ്പ് ഇത് പാലിക്കാതെ വന്നതിനാലാണ് ഇപ്രകാരം പറയേണ്ടി വരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ജാതിമതഭേദമന്യേ വോട്ട് ചെയ്ത് ജയിച്ച ജനപ്രതിനിധികൾ ഭരണം കയ്യാളുമ്പോൾ എല്ലാ ജാതിമതസ്ഥർക്കും തുല്യ പ്രാധാന്യം നൽകി സാമൂഹിക നീതി ഉറപ്പുവരുത്തണം. ശിവഗിരി മഠത്തിന് ഒരു രാഷ്ട്രീയ കക്ഷിയോടും പ്രത്യേക താൽപ്പര്യമില്ലെന്നും സച്ചിദാനന്ദ സ്വാമികൾ അറിയിച്ചു.

ശിവഗിരി മഠത്തിൻ്റെ ഇടപെടൽ കൊണ്ട് പിന്നോക്ക വിഭാഗങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും തെരഞ്ഞെടുപ്പിൽ നീതി കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട്. സാമൂഹിക നീതിയെക്കുറിച്ച് പറയുന്നത് ശ്രീനാരായണ ധർമ്മാനുഷ്ഠാനത്തിൻ്റെ ഭാഗമായതുകൊണ്ടാണെന്നും സച്ചിദാനന്ദ സ്വാമികൾ കൂട്ടിച്ചേർത്തു.

SCROLL FOR NEXT