തൃശൂർ: ഉദ്യോഗസ്ഥർക്ക് വിദ്യാഭ്യാസ യോഗ്യതയില്ലെന്ന കലാമണ്ഡലം ചാൻസിലർ മല്ലിക സാരാഭായിയുടെ പ്രസ്താവന തള്ളി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അങ്ങേയറ്റം അടിസ്ഥാനരഹിതമായ കാര്യമാണ് മല്ലിക സാരാഭായി പറഞ്ഞതെന്നായിരുന്നു സജി ചെറിയാൻ്റെ പ്രസ്താവന. കലാമണ്ഡലത്തിൽ ഡാൻസും പാട്ടും ആണ് നടക്കുന്നതെന്നും, അവിടെ എന്തിനാണ് ഇ-മെയിലെന്നും സജി ചെറിയാൻ ചോദിച്ചു.
കലാമണ്ഡലത്തിൽ പഠിച്ച ആളുകളെ തന്നെയാണ് താത്ക്കാലിക അധ്യാപകരായി നിയമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഒരു രാഷ്ട്രീയ നിയമനങ്ങളും കലാമണ്ഡലത്തിൽ നടത്തിയിട്ടില്ല മന്ത്രി എന്നുള്ള നിലയിൽ അത് തനിക്ക് പറയാനാകും. എന്താണ് അവർ ഉദ്ദേശിക്കുന്നത് എന്നറിയില്ല, അവർ പറയുന്ന കാര്യങ്ങൾ അംഗീകരിച്ചു കൊടുക്കാൻ ആകില്ല. അത്തരം കാര്യങ്ങൾ പറയുമ്പോൾ അത് പരിശോധിച്ചു നടപടി സ്വീകരിക്കുകയാണ് ചാൻസിലർ എന്ന നിലയിൽ അവർ ചെയ്യേണ്ടതെന്നും സജി ചെറിയാൻ പറഞ്ഞു.
"കലാമണ്ഡലത്തിന്റെ വികസനത്തിൽ ഈ ഗവൺമെൻറ് ഒരുപാട് കാര്യങ്ങൾ ചെയ്തു കഴിഞ്ഞു. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവർക്ക് നടപടി സ്വീകരിക്കാം. പൂർണ അധികാരം ചാൻസിലർ എന്ന നിലയിൽ അവർക്കുണ്ട്. അവിടെ സർവേകളുടേയും യൂണിവേഴ്സിറ്റി ആക്കി മാറ്റാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. മാന്യവും മാതൃകാപരവുമായ ഇടപെടലുകളാണ് കലാമണ്ഡലത്തിൽ നടക്കുന്നത്," സജി ചെറിയാൻ കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥർക്ക് വിദ്യാഭ്യാസ യോഗ്യത ഇല്ലെന്നും അത് മൂലം കലാമാണ്ഡലം പ്രതിസന്ധിയിലാണെന്നുമായിരുന്നു മല്ലികാ സാരാഭായിയുടെ പ്രസ്താവന. പാർട്ടി നിയമനം കലാമണ്ഡലത്തിന്റെ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. ഇ-മെയിൽ അയക്കാൻ പോലും ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തവരാണ് ജീവനക്കാർ എന്നും മല്ലികാ സാരാഭായി കുറ്റപ്പെടുത്തി.
പരിശീലനം നൽകിയ പുതിയ ആളുകളെ കൊണ്ടുവരുന്നതിന് പകരം പരിശീലനം നൽകാത്തവരെയാണ് കലാമണ്ഡലത്തിൽ ഉദ്യോഗാർഥികളായി നിയമിക്കുന്നത്. അവർക്ക് ചെയ്യാൻ സാധിക്കാത്തതാണ് അവരെ കൊണ്ട് ചെയ്യാൻ സാധിക്കാത്തതാണ് ചെയ്യിക്കുന്നത്. ഇതാണ് കാലാകാലങ്ങളായി നടക്കുന്നത്.
ഇന്നത്തെ കാലത്ത് ഇംഗ്ലീഷ് പരിജ്ഞാനവും കമ്പ്യൂട്ടർ വൈദഗ്ദ്യവും അക്കൗണ്ടിങ് സ്കില്ലുമുള്ള ഉദ്യോഗാർഥികളെയാണ് ആവശ്യം. ഇതാണ് പ്രധാനമായും പ്രതിസന്ധിയാകുന്നതെന്നും മല്ലികാ സാരാഭായി പറഞ്ഞു. ഒട്ടും മാറാൻ തയ്യാറാകാത്ത അധ്യാപകരും കലാമണ്ഡലത്തെ പിന്നോട്ട് വലിക്കുന്നതിന് കാരണമാകുന്നുവെന്ന് മല്ലികാ സാരാഭായ് പറഞ്ഞു. ലോകം മാറുമ്പോഴും അവർ മാറാൻ തയ്യാറല്ലെന്ന് അവർ കൂട്ടിച്ചേർത്തു.