കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയെ നിരന്തരം ന്യായീകരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടില്‍ മുസ്ലീം ലീഗിനും സമസ്തക്കും അതൃപ്തി. ജമാഅത്തെ ഇസ്ലാമിയ്ക്ക് മതരാഷ്ട്ര വാദമില്ലെന്ന വി.ഡി. സതീശന്റെ പ്രസ്താവനയിലാണ് അതൃപ്തി പുകയുന്നത്. വി.ഡി. സതീശന്‍ ജമാഅത്തെ ഇസ്ലാമി സഖ്യത്തിന്റെ കോ-ഓര്‍ഡിനേറ്ററാണെന്നും ലീഗ് നിലപാട് വ്യക്തമാക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇതിനിടെ സമസ്ത സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വേദി പങ്കിടുമ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദം വീണ്ടും ചര്‍ച്ചയാകും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായല്ല, വെല്‍ഫെയര്‍ പാര്‍ട്ടിയുമായാണ് ബന്ധമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അല്പം കൂടി കടത്തി പറഞ്ഞാണ് ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ചത്. ജമാഅത്തെ ഇസ്ലാമിയ്ക്ക് മതരാഷ്ട്ര വാദമില്ലെന്ന് സതീശന്‍ ഉറപ്പിച്ചു പറഞ്ഞു. ഇതാണ് ലീഗ് നേതാക്കള്‍ക്കിടയില്‍ അതൃപ്തിയ്ക്ക് കാരണമായത്.
സതീശന്റേത് ജമാഅത്തെ ഇസ്ലാമിക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ള സമസ്ത ഉള്‍പ്പടെയുളള സംഘടനകളെ പിണക്കുന്നതിന് തുല്യമാണെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. കാസര്‍ഗോഡ് നടക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് വി.ഡി. സതീശന്‍ രംഗത്ത് വന്നത്.
ഇത് സമസ്ത നേതാക്കളുടെ അതൃപ്തിക്കും കാരണമായിട്ടുണ്ട്. എപി വിഭാഗം സമസ്തയും സതീശന്റെ നിലപാടില്‍ അതൃപ്തിയിലാണ്. വി.ഡി. സതീശന്‍ ജമാഅത്തെ ഇസ്ലാമി സഖ്യത്തിന്റെ കോ - ഓര്‍ഡിനേറ്ററാണെന്നും ലീഗ് നിലപാട് വ്യക്തമാക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.
വിവാദം കത്തുന്നതിനിടെ കാസര്‍ഗോഡ് നടക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും വേദി പങ്കിടുന്നുണ്ട്. ഇവിടെയും വിഡി സതീശന്‍ ജമാഅത്തെ ഇസ്ലാമി അനുകൂല നിലപാട് സ്വീകരിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.