കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ സ്ത്രീകൾക്ക് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യാൻ ആരംഭിച്ച പദ്ധതിയിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. 1.77 കോടി രൂപ ചിലവിൽ 2025 ഏപ്രിലിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ആദ്യ മൂന്ന് മാസം വിതരണം ചെയ്തത് വെറും 5744 കപ്പുകൾ മാത്രമാണ്. 90.31 ശതമാനം കപ്പുകൾ വിതരണം ചെയ്തില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തി.
2025 ഓഗസ്റ്റിൽ നടത്തിയ ഓഡിറ്റ് പരിശോധനയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് കോർപറേഷൻ ഭരണ സമിതിയുടെ വീഴ്ച പുറത്തറിയുന്നത്. 1.77 കോടി രൂപ ചിലവിൽ വാങ്ങിയ 59,338 മെൻസ്ട്രൽ കപ്പുകളിൽ 53,594 എണ്ണം അതായത് 90.31 ശതമാനം കപ്പുകൾ വിതരണം ചെയ്തില്ലെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ട്.
2025 ഏപ്രിൽ 30നാണ് മെൻസ്ട്രൽ കപ്പ് വിതരണത്തിൻ്റെ ഉദ്ഘാടനം നടന്നത്. പിന്നീട് 3 മാസത്തിനിടെ ആറായിരത്തിൽ താഴെ കപ്പുകൾ മാത്രമാണ് വിതരണം ചെയ്തത്. ഭരണ- പ്രതിപക്ഷ കൗൺസിലർമാരിൽ ചുരുക്കം ചിലർ മാത്രമാണ് പദ്ധതി നിർവഹണത്തിൻ്റെ ഭാഗമായി കപ്പ് വിതരണം നടത്തിയത്. വിതരണത്തിൽ വീഴ്‌ച സംഭവിച്ച കാര്യം നിർവഹണ ഉദ്യോഗസ്ഥ അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഗുണഭോക്താക്കളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതും പദ്ധതി നിർവഹണത്തിൽ തിരിച്ചടിയായി. നഗരപരിധിയിലെ സ്‌കൂൾ, കോളജ് വിദ്യാർഥിനികൾ, സർക്കാർ ഓഫീസുകളിലെ സ്ത്രീകൾ, കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എന്നിവരെ ഗുണഭോക്താക്കളായി കണക്കാക്കിയാണ് പദ്ധതി ആരംഭിച്ചത്. പിന്നീട് ഇതുമാറ്റി നഗരപരിധിയിലെ സ്ത്രീകളെന്നാക്കുകയായിരുന്നു.
ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ കപ്പുകൾ തിരക്കിട്ട് വിതരണം ചെയ്തു. എന്നാൽ ഒരുപാട് വനിതകൾക്ക് ഗുണകരമാകേണ്ടിയിരുന്ന പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥത കൊണ്ട് കാലതാമസം നേരിടുകയായിരുന്നു. എച്ച്എൽഎല്ലിൽ നിന്നാണ് 1.77 കോടി രൂപയ്ക്ക് മെൻസ്ട്രൽ കപ്പുകൾ വാങ്ങിയത്. 2024 മാർച്ചിൽ നിർമിച്ച കപ്പുകളുടെ കാലാവധി 2029 ഫെബ്രുവരി വരെയാണ്.
ആദ്യഘട്ടത്തിൽ ഓരോ വാർഡിലേക്കും 438 കപ്പുകൾ വീതം വിതരണം നടത്താനാണ് തീരുമാനിച്ചത്. എന്നാൽ പദ്ധതി ഉദ്ഘാടനം നടന്ന് 3 മാസത്തിനിടെ 15 വാർഡുകളിലായി 5,744 കപ്പുകൾ മാത്രമായിരുന്നു വിതരണം ചെയ്തത്. കോർപറേഷൻ ആരോഗ്യ-ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ പല പദ്ധതികളിലും കൃത്യമായി പഠനം നടത്താതെ ചെയ്‌തതിനാൽ കാര്യക്ഷമമായില്ലെന്നും നഷ്ടങ്ങളുണ്ടായെന്നും ഓഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.