KERALA

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു, പലയിടത്തും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു, പലയിടത്തും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ച പുറത്തുകൊണ്ടുവന്നത് രാജസ്ഥാന്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ പിതാവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സിബിഐ അന്വേഷിക്കുന്ന കേസില്‍ ഇതുവരെ 45 പേരാണ് കസ്റ്റഡിയിലുള്ളത്.

ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. തുടര്‍ച്ചയായി പരീക്ഷ ക്രമക്കേട് നടക്കുന്ന എന്‍ടിഎ പിരിച്ചുവിടണമെന്നും, ഡയറക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന പ്രതിഷേധത്തില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നേരിയ സംഘര്‍ഷവുമുണ്ടായി. കോഴിക്കോട് ഇന്‍കം ടാക്‌സ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരില്‍ ഹെഡ് പോസ്റ്റോഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധം അണപൊട്ടി. പൊലീസ് ബാരിക്കേഡുകള്‍ കടന്ന് പ്രവര്‍ത്തകര്‍ കോമ്പൗണ്ടില്‍ കയറി. ഇതോടെ പൊലീസുമായി നേരിയ സംഘര്‍ഷം.

പാലക്കാടും കോഴിക്കോടും കാഞ്ഞങ്ങാടും സമരം ശക്തമായിരുന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ട് ഓഫീസുകളിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. സമരം വരും ദിവസങ്ങളിലും തുടരുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. നീറ്റ് പരീക്ഷ ക്രമക്കേടില്‍ അടുത്ത ദിവസം മുതല്‍ സമരം ആരംഭിക്കുമെന്ന് കെഎസ്‌യുവും അറിയിച്ചു.

അതേസമയം കേസില്‍ അന്വേഷണ സംഘം നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി. കേരളത്തില്‍ പഠിക്കുകയായിരുന്ന രാജസ്ഥാന്‍ സ്വദേശി സാധ്യത ചോദ്യപേപ്പര്‍ എന്ന നിലയില്‍ ഹോസ്റ്റല്‍ നടത്തുന്ന തന്റെ പിതാവിന് ചോദ്യപേപ്പര്‍ അയച്ചു നല്‍കി, മറ്റു കുട്ടികള്‍ക്ക് കൂടി ചോദ്യ പേപ്പര്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. പിതാവ് സുഹൃത്തായ കോച്ചിങ് സ്ഥാപനത്തിലെ അധ്യാപകന് ഈ ചോദ്യപേപ്പര്‍ നല്‍കിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. ശേഷം ആദ്യം പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അവര്‍ കാര്യമായി എടുക്കാത്തതിനാല്‍ എന്‍ടിഎയ്ക്ക് നേരിട്ട് ഇ മെയില്‍ അയക്കുകയായിരുന്നു. ഇതോടെയാണ് രാജസ്ഥാന്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം കേസ് ഏറ്റെടുത്തത്. സിബിഐ അന്വേഷണം പുരോഗമിക്കുന്ന കേസില്‍ ഇതുവരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നാല്‍പ്പത്തിയഞ്ച് പേര്‍ കസ്റ്റഡിയിലാണ്.

SCROLL FOR NEXT