രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ Source: News Malayalam 24x7
KERALA

"കല്യാണം കൂടാന്‍ എത്തിയതാണ്, രാഹുലിനായി ഗ്രൂപ്പ് യോഗം നടന്നിട്ടില്ല"; വിശദീകരണവുമായി ഷാഫി പറമ്പില്‍

വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ രാഹുൽ മാങ്കുട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട് വന്നത് കല്യാണത്തിനാണെന്നാണ് എംപിയുടെ വിശദീകരണം.

രാഹുല്‍ മാങ്കൂട്ടത്തിലിനായി വടകര എംപി ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം നടന്നുവെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. എന്നാല്‍ യോഗത്തില്‍ ചന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ രാഹുലിനെ കൈവിടേണ്ട എന്നാണ് ഗ്രൂപ്പ് യോഗത്തിലെ പൊതുധാരണ. ഉമ തോമസിന് എതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാൻ പാടില്ലെന്ന് യോഗത്തില്‍ ചർച്ചയായെന്നാണ് വിവരം. എംഎല്‍എയെ ഒഴിവാക്കി നിർത്തേണ്ട സാഹചര്യമില്ല. മണ്ഡലത്തിൽ നിന്ന് എംഎല്‍എ ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാകുമെന്നും യോഗം വിലയിരുത്തിയെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍, ഇത്തരത്തില്‍ ഒരു യോഗം നടന്നിട്ടില്ലെന്ന നിലപാടിലാണ് ഷാഫി പറമ്പില്‍.

രാഹുലിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയർന്നുവന്നതിനു പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ വീണ്ടും സജീവമാകുന്നതിനിടെയാണ് പാലക്കാട്ട് എ ഗ്രൂപ്പ് യോഗം നടന്നതായി വാർത്ത വന്നത്. കോണ്‍ഗ്രസിനുള്ളില്‍ രാഹുലിനെ അനുകൂലിച്ചു പ്രതികൂലിച്ചും വിഭാഗങ്ങള്‍ സജീവമാണ്. എന്നാല്‍ പ്രത്യക്ഷത്തില്‍ , സിപിഐഎമ്മിനും ബിജെപിക്കും എതിരെ ആരോപണങ്ങള്‍ ഉയർത്തിക്കൊണ്ടു വന്ന് പാർട്ടിയെ പ്രതിരോധിക്കുന്ന സമീപനമാണ് പ്രവർത്തകരും നേതാക്കളും സ്വീകരിക്കുന്നത്. യുഡിഎഫിലെ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള മറ്റ് കക്ഷികളും ഇതേ സമീപനമാണ് പിന്തുടരുന്നത്.

അതേസമയം, വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ രാഹുൽ മാങ്കുട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. രാഹുലിന്റെ അടുത്ത അനുയായി നുബിൻ ബിനുവിന്റെ ഫോൺ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ക്രൈം ബ്രാഞ്ച് സംഘം വീട്ടിലെത്തിയാണ് ഫോൺ പിടിച്ചെടുത്തത്.

SCROLL FOR NEXT