ഷഹബാസും പിതാവ് ഇക്ബാലും  Source: News Malayalam 24x7
KERALA

സർക്കാരിൻ്റേത് കൊലയാളികളെ സംരക്ഷിക്കുന്ന നിലപാട്, ഈ നീതി ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല: ഷഹബാസിൻ്റെ പിതാവ്

നീതിപീഠത്തിൻ്റെ മുന്നിൽ നീതി നടപ്പിലാക്കണം എന്നാണ്, പക്ഷേ ഈ നീതി തനിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണെന്ന് ഷഹബാസിൻ്റെ പിതാവ് വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

താമരശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ പ്രതികരിച്ച് പിതാവ് ഇക്ബാൽ. സർക്കാർ സ്വീകരിച്ചത് കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണെന്നും ഈ നീതി ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്നും പിതാവ് പറഞ്ഞു.

കോപ്പിയടിച്ചാൽ പോലും ഡി ബാർ ചെയ്യുന്ന ഈ സ്ഥലത്താണ് ഇത്തരം കുട്ടികളെ തുടർ പഠനത്തിന് സർക്കാർ അനുവദിക്കുന്നത്. സർക്കാരിനോട് തൻ്റെ പ്രതിഷേധം അറിയിക്കുന്നു.

നീതിപീഠത്തിൻ്റെ മുന്നിൽ നീതി നടപ്പിലാക്കണം എന്നാണ്, പക്ഷേ ഈ നീതി തനിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണെന്ന് ഷഹബാസിൻ്റെ പിതാവ് വ്യക്തമാക്കി. തൻ്റെ വേദന മറ്റാർക്കും ഉണ്ടാവരുത്. കുറ്റാരോപിതരായ കുട്ടികൾ പഠിക്കുന്ന ഇടങ്ങളിലെ രക്ഷിതാക്കളും ഇത് തിരിച്ചറിഞ്ഞ് പ്രതിഷേധിക്കണം. കുറ്റാരോപിതർക്ക് ജുവനൈൽ ഹോമിൽ പഠനം തുടരാൻ അവസരം ഒരുക്കുകയാണ് വേണ്ടതെന്നും പിതാവ് പറഞ്ഞു.

100 ദിവസമായി ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുകയാണെന്ന വാദം പരിഗണിച്ചാണ് കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിദ്യാര്‍ഥികള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഇടപെടൽ. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ജാമ്യം നൽകിയത്.

അന്വേഷണവുമായി സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിര്‍ദേശവും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. അമ്പതിനായിരം രൂപയുടെ ബോണ്ടും ആള്‍ ജാമ്യവും നല്‍കണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനല്‍ സ്വഭാവം ഉള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ച ഉപാധികളിൽ ഉൾപ്പെടുന്നു.

ക്രിമിനല്‍ നിയമ സംവിധാനം ലക്ഷ്യമിടുന്നത് പരിവര്‍ത്തനമാണെന്ന് ചൂണ്ടികാട്ടി കോടതി നേരത്തെ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സൗകര്യമൊരുക്കാന്‍ നിര്‍ദേശവും നൽകിയിരുന്നു. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരി 28ന് പത്താം ക്ലാസുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്.

SCROLL FOR NEXT