KERALA

ബാങ്ക് രേഖകൾ ലഭിക്കാൻ കാലതാമസം; ടെൻഡറിൽ പങ്കെടുക്കാനാകാതെ നാൽപ്പതിലധികം കമ്പനികൾ; സംസ്ഥാനത്ത് മരുന്നുകൾക്ക് ക്ഷാമം നേരിടാൻ സാധ്യത

ടെൻഡറിൽ നിന്ന് ഇത്രയും കമ്പനികൾ വിട്ടുനിൽക്കുന്നത് മരുന്നുകളുടെ ക്ഷാമത്തിനും ഉയർന്ന വിലയ്ക്കും കാരണമാകുമെന്നാണ് വിലയിരുത്തൽ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നുകൾക്ക് ഇത്തവണയും ക്ഷാമം നേരിട്ടേക്കും. ടെൻഡർ നടപടികളിൽ പങ്കെടുക്കാനുള്ള മിക്ക സ്ഥാപനങ്ങൾക്കും ബാങ്ക് രേഖകൾ സമർപ്പിക്കാനായിട്ടില്ല. നടപടി ക്രമങ്ങൾ ഇന്ന് പൂർത്തിയാക്കുന്നതോടെ ആവശ്യ മരുന്നുകൾ വിതരണം ചെയ്യുന്ന മിക്ക കമ്പനികളും ടെൻഡർ വ്യവസ്ഥയ്ക്ക് പുറത്താകും.

ടെൻഡർ സമർപ്പിക്കാൻ ഒരു മാസത്തെ സമയപരിധി അനുവദിച്ചിരുന്നെങ്കിലും പൊതു അവധികൾ കമ്പനികളെ ദോഷകരമായി ബാധിച്ചു. ബാങ്കുകളിൽ നിന്ന് ലഭിക്കേണ്ട ഇ-ബാങ്ക് ​ഗ്യാരന്റി ഇതുവരെയും പല കമ്പനികൾക്കും ലഭിച്ചിട്ടില്ല. ഓൺലൈനായി നടക്കുന്ന മരുന്ന് വിതരണ ടെൻഡർ നടപടികൾക്ക് ആവശ്യമായ രേഖകളും സമർപ്പിക്കാനായിട്ടില്ല. പ്രതിസന്ധി വ്യക്തമാക്കി നാൽപ്പതിലേറെ കമ്പനികൾ ടെൻഡർ നടപടികൾ പത്ത് ദിവസത്തേക്ക് എങ്കിലും നീട്ടി വയ്ക്കണമെന്ന് ആരോ​ഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ഇതുവരെയും സർക്കാർ പരി​ഗണിച്ചിട്ടില്ല. ഇതോടെ ആന്റിബയോട്ടിക്കുകൾ, ഐവി ഫ്ലൂയി​ഡുകൾ, കോട്ടൺ, ​ഗ്ലൗസുകൾ ഇവ വിതരണം ചെയ്യുന്ന പല കമ്പനികളും ടെൻഡർ വ്യവസ്ഥയ്ക്ക് പുറത്താണ്.

ടെൻഡറിൽ നിന്ന് ഇത്രയും കമ്പനികൾ വിട്ട് നിൽക്കുന്നത് മരുന്നുകളുടെ ക്ഷാമത്തിനും ഉയർന്ന വിലയ്ക്കും കാരണമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ആശുപത്രികളിൽ ഐവി ഫ്ലൂയി​ഡുകൾ, കോട്ടൺ, ഗ്ലൗസുകൾ എന്നിവയ്ക്ക് ക്ഷാമം നേരിട്ടിരുന്നു. ഇത്തവണയും പ്രതിസന്ധി ആവർത്തിക്കാനുള്ള സാഹചര്യമാണുള്ളത്. ടെൻഡർ നടപടിക്രമങ്ങൾ പൂർണ്ണമായും ഓൺലൈനായതിനാൽ മറ്റു മാർ​ഗങ്ങൾ സ്വീകരിക്കാനും സാധ്യമല്ല.

ഇ- ബാങ്ക് ​ഗ്യാരന്റി അടക്കമുള്ള രേഖകൾ വൈകാൻ കാരണം ബാങ്കുകളാണെന്ന വാദവും കമ്പനികൾ ഉന്നയിക്കുന്നു. സമയപരിധി നീട്ടി നൽകിയാൽ കൂടുതൽ കമ്പനികൾ ടെൻഡറിൽ പങ്കെടുക്കും. ഇത് താരതമ്യേന വില കുറവിലേക്കും മരുന്ന് ക്ഷാമം ഒഴിവാക്കാനും സഹായിക്കും. എന്നാൽ ആവശ്യമായ സമയം അനുവദിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

SCROLL FOR NEXT