KERALA

ശിവപ്രിയയുടെ മരണം: അണുബാധയേറ്റത് ആശുപത്രിയിൽ നിന്നല്ല, എസ്‌എടിക്ക് ക്ലീൻചിറ്റ്

ശിവപ്രിയയ്ക്ക് അണുബാധയേറ്റത് ആശുപത്രിയിൽ നിന്നല്ലെന്ന് വിദഗ്‌ധസമിതി കണ്ടെത്തിയതിനെ തുടർന്നാണ് ക്ലീൻ ചിറ്റ് നൽകിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണത്തിൽ എസ്‌എടിക്ക് ക്ലീൻചിറ്റ്. ശിവപ്രിയയ്ക്ക് അണുബാധയേറ്റത് ആശുപത്രിയിൽ നിന്നല്ലെന്ന് വിദഗ്‌ധസമിതി കണ്ടെത്തിയതിനെ തുടർന്നാണ് ക്ലീൻ ചിറ്റ് നൽകിയത്. വിദഗ്‌ധസമിതി റിപ്പോർട്ട് ഡിഎംഇ ക്ക് കൈമാറി. അണുബാധയ്ക്ക് കാരണം സ്റ്റെഫലോ കോക്കസ് ബാക്ടീരിയ ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആലപ്പുഴ ഗൈനക്കോളജി തലവൻ ഡോ. സംഗീത, അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ലത, സർജറി വിഭാഗം തലവൻ ഡോ. സജികുമാർ, കോട്ടയം മെഡിക്കൽ കോളേജിലെ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം തലവൻ ഡോക്ടർ ജൂബി എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.

അണുബാധ ആശുപത്രിയിൽ നിന്നുതന്നെയാണ് എന്ന് ശിവപ്രിയയുടെ ഭർത്താവ് പറഞ്ഞു. ആശുപത്രിയിൽ നിന്നും വന്ന് ഒരു ദിവസം മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ റിപ്പോർട്ടിനെ അംഗീകരിക്കില്ലെന്നും, നിയമപരമായി നീങ്ങണമോ എന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ഭർത്താവ് കൂട്ടിച്ചേർത്തു.

ഈ മാസം ഒൻപതിനാണ് ശിവപ്രിയ എസ്‌എടി ആശുപത്രിയിൽ വച്ച് മരിച്ചത്. ‌ആശുപത്രിയിൽ നിന്നുള്ള അണുബാധയെ തുടർന്നാണ് ശിവപ്രിയ മരിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. കഴിഞ്ഞ മാസം 22 നാണ് ശിവപ്രിയ പ്രസവത്തിനായി ആശുപത്രിയിൽ എത്തിയത്. 22 ന് യുവതിയെ ഡിസ്‌ചാർജ് ചെയ്യുകയും ചെയ്തു. ആ സമയത്ത് ശിവപ്രിയയയ്ക്ക് പനി ഉണ്ടായിരുന്നു. പിന്നീട് പനി കടുത്തപ്പോൾ ശിവപ്രിയയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.

SCROLL FOR NEXT