തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും ദേവസ്വം ബോർഡ് ഉടച്ചുവാർക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
അന്വേഷണത്തിന് ഐഎഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ സർക്കാരിൻ്റെ പൂർണ നിയന്ത്രണത്തിലുള്ള സംവിധാനം വേണം. ഇപ്പോഴത്തെ ദേവസ്വം ബോർഡിൻ്റെ കാലത്താണ് തട്ടിപ്പുകൾ കണ്ടെത്തിയത്. ദേവസ്വം ബോര്‍ഡ് ഭരണം സുതാര്യമാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദേവസ്വം ബോര്‍ഡിൻ്റെ തലപ്പത്ത് ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കണം. ഈ കമ്മറ്റി ഗവണ്‍മെന്‍റിന്‍റെ നേൃത്വത്തില്‍ തന്നെയാവണം. രാഷ്ട്രീയക്കാര്‍ തലപ്പത്ത് വരുന്നത് ഒഴിവാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കെട്ടിക്കിടക്കുന്ന കോടികളുടെ സമ്പത്ത് രാജ്യത്തിന്‍റെ വികസനത്തിനും ഭക്തജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനും ഉപയോഗിക്കണം. ഗുരുവായൂരിലും കൂടല്‍മാണിക്യത്തിലും കൂടിക്കിടക്കുന്ന കോടികള്‍ കൊണ്ട് ഭക്തജനങ്ങള്‍ക്ക് എന്ത് പ്രയോജനമെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.