Source: News Malayalam 24X7
KERALA

നിയമനം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം; രാപ്പകൽ സമരവുമായി സ്പെഷ്യൽ എജ്യുക്കേറ്റർമാർ

ഈ മാസം 13, 14 തിയതികളിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്താനൊരുങ്ങുകയാണ് സ്പെഷ്യൽ എജ്യുക്കേറ്റർമാർ

Author : ശാലിനി രഘുനന്ദനൻ

കോഴിക്കോട്: പൊതുവിദ്യാലയങ്ങളിൽ സ്പെഷ്യൽ എജ്യുക്കേറ്റർമാരുടെ സ്ഥിര നിയമനം നടത്താതെ സംസ്ഥാന സർക്കാർ. ഭിന്നശേഷി കുട്ടികൾക്ക് പഠനത്തിൽ പിന്തുണ ഉറപ്പാക്കാൻ തസ്തിക സൃഷ്ടിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് സമയപരിധി കഴിഞ്ഞിട്ടും നടപ്പായില്ല. ഈ മാസം 13, 14 തീയതികളിൽ സെക്രട്ടേറിയേറ്റിന് മുൻപിൽ രാപ്പകൽ സമരത്തിന് ഒരുങ്ങുകയാണ് സ്പെഷ്യൽ എജ്യുക്കേറ്റർമാർ.

2,800 സ്പെഷ്യൽ എജ്യുക്കേറ്റർമാരാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. ദീർഘകാലത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ ഇവരെ 2026 ജനുവരി 31നകം സ്ഥിരപ്പെടുത്തണമെന്നാണ് കഴിഞ്ഞ നവംബർ നാലിന് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ കോടതി ഉത്തരവ് നടപ്പാക്കാൻ ഒരു വർഷമായിട്ടും സർക്കാറിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ പത്ത് വർഷമായി ശമ്പള വർധന പോലുമില്ലാതെ അധ്യാപകർ ദുരിതത്തിലാണ്. 2018ൽ ശമ്പളം 4000 രൂപ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഉത്തരവ് നടപ്പിലാക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഈ മാസം 13, 14 തീയതികളിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്താനൊരുങ്ങുകയാണ് സ്പെഷ്യൽ എജ്യുക്കേറ്റർമാർ.

കോടതി ഉത്തരവ് നടപ്പാക്കാനോ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനോ സർക്കാർ മുൻകൈ എടുത്തില്ലെന്നാണ് ആക്ഷേപം . തസ്തിക സംബന്ധിച്ച് സുപ്രീം കോടതിയിൽ കേരളം നൽകിയ സത്യവാങ്മൂലത്തിൽ അധ്യാപകരുടെ എണ്ണം കൂട്ടി നൽകിയതായും പരാതി ഉണ്ട്.

SCROLL FOR NEXT