തൃശൂർ: കലോത്സവ വേദിയിൽ തളർന്നുവീണ് മത്സരാർഥികൾ. വേദി മൂന്ന് നീലക്കുറിഞ്ഞിയിൽ വച്ച് നടന്ന മംഗലംകളി മത്സരത്തിനെത്തിയ വിദ്യാർഥികളാണ് വേദിയിൽ കുഴഞ്ഞുവീണത്. മംഗലംകളിയുടെ സമയ ദൈർഘ്യവും കായിക അധ്വാനവുമാണ് വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമായത്.
കോഴിക്കോട് നാദാപുരം, ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി വിദ്യാർഥികളാണ് തളർന്നുവീണത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാർഥികൾ കുഴഞ്ഞുവീണതോടെ മത്സരത്തിനെത്തിയ മുഴുവൻ വിദ്യാർഥികൾക്കും മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകി.
അതേസമയം, കലോത്സവത്തിന് രണ്ടാം ദിനമായ ഇന്ന് മത്സരങ്ങൾ കടുക്കുകയാണ്. വാശിയേറിയ പോരാട്ടമാണ് വിദ്യാർഥികൾ മത്സരവേദികളിൽ കാഴ്ചവയ്ക്കുന്നത്. മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പോയിൻ്റ് പട്ടികയിൽ കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.