

ഒരു കലാരൂപത്തിൻ്റെ പരിശീലനവും അവതരണവും അത് അവതരിപ്പിക്കുന്ന കുട്ടികളുടെ ജീവിതത്തെയാകെ മാറ്റിമാറിക്കുമോ? അങ്ങനെയൊരു ധന്യതയുടെ കഥ കൂടി പറയാനുണ്ട് പണിയനൃത്ത വേദിക്ക്. നൃത്തമത്സരങ്ങളുടെ ആർഭാടങ്ങൾക്കും വീറിനും വാശിക്കുമിടയിൽ ഈ കുട്ടികളെ കാണുക. അരങ്ങിൽ അരികുജീവിതങ്ങളെ നൂറുമേനി പൊലിപ്പിച്ച ഈ നല്ല വാർത്ത മാനന്തവാടി വിഎച്ച്എസ്എസിൽ നിന്നാണ്.
12 കുട്ടികൾ. 12 മുഖങ്ങൾ..അധികം അനുഭവങ്ങളൊന്നുമില്ലാത്ത ഒരേ വേനലിൻ്റെ തനിയാവർത്തനങ്ങൾ. ഒരേ സങ്കടങ്ങളുടെ പുനഃപ്രഖ്യാപനങ്ങൾ. ഉന്നതികളിലെ ഇല്ലായ്മകൾ, സ്കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്, പാതിയിൽ നിലയ്ക്കുന്ന പാഠങ്ങൾ, ഒട്ടെല്ലാ ആദിവാസി മേഖലകളിൽ നിന്നും കേൾക്കാറുള്ളതൊക്കെ തന്നെയായിരുന്നു ഈ പള്ളിക്കൂടത്തിനും പറയാനുണ്ടായിരുന്നത്. ഒരു മാറ്റം വന്നത് പണിയനൃത്ത പരിശീലനം തുടങ്ങിയപ്പോഴാണ്.
സ്വന്തം ജൈവതാളങ്ങളിലേക്ക് കുട്ടികൾ അത്യുത്സാഹത്തോടെ അലിഞ്ഞു. ചുവടുകളുറയ്ക്കുന്നതിനൊപ്പം സ്കൂളിലേക്ക് എത്താനുള്ള വിമുഖത പോലും മാറി. ഒന്നും ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. കഠിനപാത ചവിട്ടിയാണ് ഈ കുട്ടികൾ സംസ്ഥാന കലോത്സവത്തിലേക്കെത്തിയത്. ഉന്നതികളിൽ നിന്ന് കുട്ടികളെ അധ്യാപകർ മുൻകൈ എടുത്ത് സ്കൂളിൽ എത്തിച്ച് പരിശീലിപ്പിച്ചു. സ്കൂളിൽ ഭക്ഷണം തയ്യാറാക്കി നൽകി, പരിശീലനം കഴിഞ്ഞ് സ്കൂളുകളിൽ തന്നെ അന്തിയുറക്കി.
പതിവുപോലെ പണം വലിയ പ്രശ്നമായി. അധ്യാപകരുടെ നേതൃത്വത്തിൽ പണം പിരിച്ചുണ്ടാക്കി.വേദിയിൽ അണിയാനുള്ള ആഭരണങ്ങൾ ഈ കുഞ്ഞുങ്ങൾ തന്നെ സ്വന്തമായി കോർത്തെടുത്തു.
പണക്കൊഴുപ്പിൻ്റെ കെട്ടുകാഴ്ചകൾ ഇവർ ചുറ്റും കാണുന്നുണ്ട്. മനസിലപ്പോഴും അഭിമാനബോധം മാത്രമാണ്. സ്വന്തം ചോരയിൽ ഉൾച്ചേർന്ന ഗോത്രസ്മൃതികളുടെ ചുവടും താളവും സമാനതകളില്ലാത്ത അർപ്പണത്തോടെ അവർ വേദിയിൽ സാക്ഷാത്കരിച്ചു. തലമുറകളോളം പോരാടിയ മനുഷ്യരുടെ ഉശിരൻ പിന്മുറക്കാർ. അവരുടെ പാട്ടിലും ചുവടിലും കലോത്സവവേദിയിൽ പരമ്പരകളുടെ ചിതാഭസ്മധൂളികൾ ചിതറി. സ്വത്വശേഷിപ്പുകളില്ലാതെ മൺമറഞ്ഞ അപ്പനമ്മച്ചിമാർ വേദിയിൽ പുനർജനിച്ചു. ചുവടുവച്ചു.
സമ്മാനം നേടിയവരും അല്ലാത്തവരും തല ഉയർത്തിപ്പിടിച്ച് തൃശൂരിൽ നിന്ന് മടങ്ങും.ചരിത്രത്തിലെങ്ങും രേഖപ്പെടുത്താതെ പോയ അപഹരിക്കപ്പെട്ട, അരികുജീവിതങ്ങൾ ഇവരിലൂടെ പുനർജനിക്കുന്നു. ചിതറിയവർ തിരികെ ചേരുന്നു.കല അർത്ഥപൂർണമാകുന്നു.