തൃശൂർ:കലോത്സവ വേദികളിൽ എന്നും സമൂഹം ചർച്ച ചെയ്യുന്ന നാടകങ്ങൾ അവതരിപ്പിച്ച മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഈ തവണയും എത്തിയത് പ്രസക്തമായ വിഷയവുമായാണ്. 'ഭാഷ' എന്ന നാടകം ലോകത്തോടാണ് സംസാരിക്കുന്നത്. കണ്ടിരുന്നവർ മുഴുവൻ കയ്യടിച്ച 'ഭാഷ' ഏറെ പ്രസക്തമായ വിഷയമാണ് സംസാരിക്കുന്നത്.
നാടകത്തിനു കയറാനായി അവസാനവട്ട തയാറെടുപ്പ് പൂർത്തിയാക്കി. ഒരുമിച്ചിരുന്നു പാട്ട് പാടി. കുട്ടികൾ കൈകൾ ചേർത്ത് പിടിച്ചു വേദിയിലേയ്ക്ക് കയറി. യുദ്ധം ആരാണ് തുടങ്ങുന്നത്. ആരാണ് അവസാനിപ്പിക്കുന്നത്. അധികാരത്തിനും മതത്തിനും അധിനിവേശ താല്പര്യങ്ങൾക്കും വേണ്ടി തുടങ്ങുന്ന യുദ്ധങ്ങളിൽ പൊട്ടിത്തെറിക്കുന്ന കുഞ്ഞു ഹൃദയങ്ങൾ. എല്ലാ യുദ്ധവും കുട്ടികൾക്കെതിരാണെന്ന പ്രഖ്യാപനമാണ് നാടകം.
കേരളത്തിന്റെ കടൽത്തീരത്ത് അടിയുന്ന പലസ്തീൻ കുട്ടിയുടെ ജീവിതമാണ് പശ്ചാത്തലം." സംസാരിക്കുന്നത് ഒരേ ഭാഷയല്ല. ഒരേ ജീവിതമല്ല. ഒരേ വഴിയല്ല. പക്ഷേ, സ്നേഹത്തിന്റെ കടലിലൂടെ ലോകത്തോളം അവർ വലുതാകുന്നു. പരസ്പരം വിദ്വേഷത്തിന് എതിരായി കെട്ടിപ്പിടിക്കുന്നു. "ഗാസയിലെ ഇസ്രയേൽ കടന്നാക്രമത്തിന് രണ്ടു വർഷം തികഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പത്രത്തിന്റെ മുഖവുമായാണ് നാടകം അവസാനിക്കുന്നത്.
തുടക്കം മുതൽ അവസാനം വരെ നിറഞ്ഞ കയ്യടി. കാണികളുടെ കണ്ണ് നിറഞ്ഞു. ചിലർ എഴുന്നേറ്റു നിന്നു. കലയ്ക്ക് സമൂഹത്തിൽ എങ്ങനെ ഇടപെടാൻ കഴിയും എന്നു കൂടി പറയുകയായിരുന്നു ഇവർ. കിത്താബ്, ബൗണ്ടറി തുടങ്ങിയ വിവാദമായ നാടകങ്ങൾ കലോത്സവവേദിയിൽ എത്തിച്ചത് മേമുണ്ട ഹൈസ്കൂളാണ്. സമൂഹത്തിൽ ഉണ്ടാകുന്ന അനീതികളെ തുറന്നു പറയാൻ എത്ര അധിക്ഷേപങ്ങൾ ഉണ്ടായാലും കൂടുതൽ തെളിമയോടെ മുന്നോട്ട് പോകാൻ വീണ്ടും വീണ്ടും ശ്രമിക്കുകയാണ് അവര്‍.