തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിവസമായ ഇന്നും നടക്കാനിരിക്കുന്നത് വാശിയേറിയ മത്സരങ്ങൾ. രണ്ടാം ദിവസം പൂർത്തിയായപ്പോൾ 487 പോയിൻറ് ആയി കണ്ണൂർ ജില്ല കുതിപ്പ് തുടരുകയാണ്. 483 പോയിൻ്റുമായി കോഴിക്കോടും 481 പോയിൻ്റുമായി തൃശൂരുമാണ് തൊട്ടു പിന്നിലുള്ളത്.
പാലക്കാട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കോട്ടയം, കാസര്‍ഗോഡ്, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് യഥാക്രമം മറ്റ് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. 118 പോയിൻ്റുമായി ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ആലത്തൂരാണ് സ്കൂളുകളിൽ മുന്നിലുള്ളത്.
രണ്ടാം ദിവസം രാവിലെ ആരംഭിച്ച മാർഗംകളി, പൂരക്കളി മത്സരങ്ങൾ ഇന്നലെ രാത്രി വൈകിയാണ് അവസാനിച്ചത്. കേരള നടനം, തിരുവാതിര, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയവയ്ക്കൊപ്പം വൃന്ദ വാദ്യം, പരിചമുട്ട്, ചവിട്ടുനാടകം തുടങ്ങിയ പ്രധാന മത്സരങ്ങളാണ് ഇന്ന് വിവിധ വേദികളിൽ നടക്കുക.