തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ രംഗത്തെത്തി. യുഡിഎഫ് കൺവീനറെന്ന നിലയിൽ താനുമായി കൂടിയാലോചനകൾ നടത്താതെയാണ് തീരുമാനങ്ങളെടുക്കുന്നതെന്നായിരുന്നു അടൂർ പ്രകാശ് ഉന്നയിച്ച പ്രധാന പരാതി.
ഇക്കാര്യം ചൂണ്ടിക്കാട്ടി എഐസിസിക്ക് പരാതി നൽകുമെന്ന് അടൂർ പ്രകാശ് പറഞ്ഞു. പ്രകാശിനെ നിയോഗിച്ചത് എഐസിസിയാണ്. അതിനാൽ അദ്ദേഹം എഐസിസിക്ക് പരാതി നൽകട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു. അവർ പരാതികളിൽ നടപടിയെടുക്കട്ടെയെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് താൻ പരസ്യപ്രതികരണത്തിനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
പരാതികൾ പറയാൻ പാർട്ടി വേദികളുണ്ടെന്നും പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്നും ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടു. അതേസമയം അടൂർ പ്രകാശ് പറഞ്ഞ കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം ഒരു സീനിയർ നേതാവാണെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ പ്രതികരിച്ചു.
അതേസമയം പാർട്ടിക്കുള്ളിലാണ് ഇത്തരം പ്രതികരണങ്ങൾ നടത്തേണ്ടതെന്ന് വിവിധ മന്ത്രിമാർ പ്രതികരിച്ചു. ഇതിനിടെ മുഖ്യമന്ത്രി വി.ഡി.സതീശനെ പിന്തുണച്ചുകൊണ്ട് മന്ത്രി കെ.മുരളീധരൻ രംഗത്തെത്തി. മുഖ്യമന്ത്രി അറിയിക്കേണ്ട കാര്യങ്ങൾ തന്നെ അറിയിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം അടൂർ പ്രകാശിൻ്റെ നീക്കത്തിന് പിന്നിൽ കെ.സി.വേണുഗോപാലാണെന്ന ആരോപണം മന്ത്രി എ.പി.അനിൽകുമാർ തള്ളി. കേരളത്തിൽ എന്ത് അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും അദ്ദേഹത്തിൻ്റെ പേര് വലിച്ചിഴക്കുന്നത് ശരിയല്ലെന്ന് എ.പി.അനിൽകുമാർ പറഞ്ഞു. വിമർശനചേരിയിൽ ഇപ്പോൾ താൻ ഒറ്റയ്ക്കാണെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശും പ്രതികരിച്ചു.