തിരുവനന്തപുരം: കലാ സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 75 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
കലാസാംസ്‌കാരിക കൂട്ടായ്മകളുടെ മുൻനിരക്കാരനും സൂര്യ കൾച്ചറൽ സൊസൈറ്റിയുടെ സ്ഥാപകനുമാണ് സൂര്യ കൃഷ്ണമൂർത്തി. ഒക്ടോബർ ഒന്നിന് ഈ വർഷത്തെ സൂര്യ ഫെസ്റ്റിവൽ നടക്കാനിരിക്കെയാണ് അദ്ദേഹത്തിൻ്റെ വിയോഗം.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ ശാസ്ത്രജ്ഞനായി ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷമാണ് സൂര്യകൃഷ്ണ മൂർത്തി പൂർണമായും സാംസ്‌കാരിക രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2023-ൽ സിവിലിയൻ ബഹുമതിയായ കേരളപ്രഭ നൽകി കേരള സർക്കാർ സൂര്യ കൃഷ്ണമൂർത്തിയെ ആദരിച്ചിരുന്നു.
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ ഡയറക്ടറായി മൂന്നു തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.