തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി വിവേചന വിവാദത്തിൽ സംസ്കൃത വിഭാഗം ഡീൻ ഡോ. സി. എൻ. വിജയകുമാരിക്കെതിരെ ദളിത് ചിന്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടിഎസ് ശ്യാം കുമാർ. ഡോ. സി. എൻ. വിജയകുമാരി ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നാണ് ഗവേഷക വിദ്യാർഥി വിപിൻ വിജയൻ പരാതിയിൽ പറയുന്നത്. എന്നാൽ സ്വന്തം വിദ്യാർത്ഥിയെ അക്കാദമിക സമൂഹത്തിന് മുന്നിൽ അപമാനിക്കുകയും ആൾക്കൂട്ട വിചാരണക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്ത ഡോ. വിജയകുമാരി 2002 ൽ കേരള സർവകലാശാലയിൽ സമർപ്പിച്ച സ്വന്തം ഗവേഷണ പ്രബന്ധത്തിൽ പോലും ഗവേഷണ രീതി ശാസ്ത്രം പാലിച്ചിട്ടില്ല എന്ന് പരിശോധിച്ചാൽ വ്യക്തമാകുമെന്ന് ശ്യാം കുമാർ ചൂണ്ടിക്കാണിച്ചു.
വൈരനിര്യാതന ബുദ്ധിയോടെ ഒരു ചെറുപ്പക്കാരനെ തകർക്കാനുള്ള കുത്സിതശ്രമമാണ് കേരള സർവകലാശാല ഡീനിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് പറയാതെ വയ്യ. ഇത്തരക്കാർ ആദ്യം സ്വന്തം ഗവേഷണ പ്രബന്ധം രീതിശാസ്ത്രമനുസരിച്ച് പുന:പരിശോധിക്കാൻ തയ്യാറാവണം. അധ്യാപക പ്രൊഫൈലിൽ ഡോ. വിജയകുമാരിയുടേതായി നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളുമുണ്ടെന്ന് അവകാശവാദമുണ്ട്. സ്വന്തം ഡിപ്പാർട്ട്മെന്റിൽ പോലും ഇവരുടെ പുസ്തകങ്ങളുടെ ഒരു കോപ്പി പോലും ലഭ്യമല്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. സ്വന്തം വൈജ്ഞാനികത തെളിയിക്കുന്നതിനായി ഡോ. വിജയകുമാരി അവരുടെ പുസ്തകങ്ങൾ പൊതുജനസമക്ഷം വെളിപ്പെടുത്താൻ ഈ സന്ദർഭത്തിൽ തയ്യാറാവണമെന്നും ശ്യാം കുമാർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം;
" ശുദ്ധമായ അക്കാദമിക ലക്ഷ്യം മുൻനിർത്തിയാണ് തന്റെ "വിമർശനങ്ങൾ " എന്നാണ് ഡോ. സി.എൻ. വിജയകുമാരി വാദിക്കുന്നത്. റിപ്പോർട്ടർ ചാനലിൽ ഡോ. അരുൺ കുമാറുമായുള്ള സംഭാഷണത്തിൽ ഡോ. വിജയകുമാരി മെത്തഡോളജിയെ പറ്റി വാചാലയാവുന്നുമുണ്ട്. രീതിശാസ്ത്ര പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള തന്റെ യോഗ്യതയും അവർ വെളിപ്പെടുത്തുന്നു. എന്നാൽ സ്വന്തം വിദ്യാർത്ഥിയെ അക്കാദമിക സമൂഹത്തിന് മുന്നിൽ അപമാനിക്കുകയും ആൾക്കൂട്ട വിചാരണക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്ത ഡോ. വിജയകുമാരി 2002 ൽ കേരള സർവകലാശാലയിൽ സമർപ്പിച്ച സ്വന്തം ഗവേഷണ പ്രബന്ധത്തിൽ പോലും ഗവേഷണ രീതി ശാസ്ത്രം പാലിച്ചിട്ടില്ല എന്ന് പരിശോധിച്ചാൽ വ്യക്തമാവും. ഇതറിയാൻ പ്രബന്ധത്തിന്റെ ഉപസംഹാര അധ്യായം മാത്രമൊന്ന് വായിച്ചാൽ മതി. ഗവേഷണ പ്രബന്ധത്തിലൂടെ കണ്ടെത്തിയ നിരീക്ഷണങ്ങളും നൂതന അറിവുകളും ഉപസംഹാര അധ്യായത്തിൽ അവതരിപ്പിക്കുന്നതിന് പകരം ഗവേഷണ പ്രബന്ധത്തിലെ മറ്റ് അധ്യായങ്ങളിലെ സംക്ഷിപ്ത രൂപം അവതരിപ്പിക്കുക മാത്രമാണ് ഉപസംഹാരാധ്യായത്തിൽ ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നു എന്ന് മാത്രമല്ല, അക്കാര്യം കൺക്ലൂഷൻ ചാപ്റ്ററിന്റെ അന്ത്യത്തിൽ എഴുതി വക്കുകയും ചെയ്തിട്ടുണ്ട്-
"പഞ്ചമേ ഉപസംഹാരാധ്യായേ ശോധ പ്രബന്ധേസ്മിൻ ഏകൈകസ്മിന്നധ്യായേ കിം കിം പ്രതിപാദിതമിതി സംക്ഷിപ്ത മാത്രേണ നിരൂപിതം ഭവതി " .
അതായത് ഗവേഷണ പ്രബന്ധത്തിന്റെ കൺക്ലൂഷൻ ചാപ്റ്ററിൽ മറ്റധ്യായങ്ങളിൽ വിവരിച്ച കാര്യങ്ങൾ സംക്ഷിപ്ത രൂപത്തിൽ നിരൂപിക്കുകയാണ് ചെയ്യുന്നതെന്നാണ്എഴുതിയിട്ടുള്ളത്. ഈ പ്രബന്ധം സൂക്ഷ്മമായി വായിക്കുമ്പോൾ മനസിലാവുന്നത് കൺക്ലൂഷൻ ചാപ്റ്ററിൽ ഒരു നിരൂപണം പോലുമില്ല എന്നാണ്. മറ്റധ്യായങ്ങളിൽ വിവരിച്ചവ ആവർത്തിക്കുക മാത്രമാണ് അവസാന അധ്യായത്തിൽ ചെയ്തിട്ടുള്ളത്. ഇത് ഗവേഷണ രീതിശാസ്ത്രത്തെ സമ്പൂർണമായി പരിഹസിക്കലാണ്. മറ്റധ്യായങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാനാണെങ്കിൽ എന്തിനാണ് ഒരു ഉപസംഹാര അധ്യായം എന്ന് ചോദിക്കേണ്ടി വരും. സ്വന്തം ഗവേഷണ പ്രബന്ധത്തിൽ യാതൊരു വിധ രീതിശാസ്ത്രവും പാലിക്കാതെ, സ്വന്തം വിദ്യാർത്ഥിയെ പരസ്യമായി അപമാനിച്ചവരുടെ ഉദ്ദേശ്യം തീർത്തും സംശയാസ്പദമാണ്.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ചോദ്യമുണ്ട്. ഓപ്പൺ വൈവയിൽ ചെയർമാന് മുകളിൽ ഡീനിന് എന്താണ് അധികാരം എന്നതാണ് ആ ചോദ്യം. ഒരു ഗവേഷണ പ്രബന്ധം ഡോക്ടറേറ്റിന് അർഹമാണോ എന്ന് പരിശോധിച്ച് സർവകലാശാലക്ക് ശുപാർശ നൽകുന്നത് ചെയർമാനാണ്. ഡീനിന് അക്കാര്യത്തിലിടപെടാൻ യാതൊരു അധികാരവുമില്ല. കൂടാതെ ഇടപെടേണ്ടത് പ്രീ സബ്മിഷൻ ഘട്ടത്തിലാണ് താനും. പ്രസ്തുത ഘട്ടത്തിൽ ഡീൻ നിർദ്ദേശങ്ങൾ നൽകിയിരുന്നോ എന്ന് പരിശോധിക്കേണ്ടതാണ്. വൈരനിര്യാതന ബുദ്ധിയോടെയാണ് ഡോ. വിജയകുമാരി ഇടപെട്ടത് എന്ന് പ്രസ്തുത സംഭവങ്ങൾ തെളിയിക്കുന്നു.
ഇനി മറ്റൊരു കാര്യം - ഡോ. വിജയകുമാരി ഉൾപ്പെടെയുള്ളവർ സംസാരിക്കുന്ന "സംസ്കൃതത്തെ" യാഥാസ്ഥിതിക സംസ്കൃത പണ്ഡിതന്മാർ തന്നെ പരിഹസിക്കുന്നത് "ഇഡ്ഡലി സംസ്കൃതം" എന്നാണ്. ഇഡ്‌ഡലിക്ക് സംസ്കൃതത്തിൽ "ഇഡ്ഡലി: " എന്ന് വ്യാവഹാരിക സംസ്കൃതക്കാരുടെ പ്രയോഗമാണ് ഇത്തരമൊരു പരിഹാസത്തിനാധാരം. ചമസം എന്ന വൈദിക യാഗോപകരണത്തെ അടുക്കളയിലെ സ്പൂൺ എന്ന അർത്ഥത്തിൽ വ്യാവഹാരിക സംസ്കൃതമാക്കി പ്രയോഗിക്കുന്നതിനെ സംസ്കൃതത്തെ മലിനീകരിക്കലാണെന്ന് തിട്ടെയെ പോലുള്ള സംസ്കൃത പണ്ഡിതന്മാർ
തന്നെ വിമർശിച്ചിട്ടുമുണ്ട്.
ഇതിൽ നിന്നും ചില "സംസ്കൃതകുമാരിമാരുടെ " ഉദ്ദേശ്യം അക്കാദമികമല്ല എന്ന് തെളിയുന്നു. വൈരനിര്യാതന ബുദ്ധിയോടെ ഒരു ചെറുപ്പക്കാരനെ തകർക്കാനുള്ള കുത്സിതശ്രമമാണ് കേരള സർവകലാശാല ഡീനിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് പറയാതെ വയ്യ. ഇത്തരക്കാർ ആദ്യം സ്വന്തം ഗവേഷണ പ്രബന്ധം രീതിശാസ്ത്രമനുസരിച്ച് പുന:പരിശോധിക്കാൻ തയ്യാറാവണം.
അധ്യാപക പ്രൊഫൈലിൽ ഡോ. വിജയകുമാരിയുടേതായി നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളുമുണ്ടെന്ന് അവകാശവാദമുണ്ട്. സ്വന്തം ഡിപ്പാർട്ട്മെന്റിൽ പോലും ഇവരുടെ പുസ്തകങ്ങളുടെ ഒരു കോപ്പി പോലും ലഭ്യമല്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സ്വന്തം വൈജ്ഞാനികത തെളിയിക്കുന്നതിനായി ഡോ. വിജയകുമാരി അവരുടെ പുസ്തകങ്ങൾ പൊതുജനസമക്ഷം വെളിപ്പെടുത്താൻ ഈ സന്ദർഭത്തിൽ തയ്യാറാവണം. "
കേരള സർവകലാശാലയിൽ ജാതി വിവേചനത്തിൽ കേസെടുക്കണമെന്ന് ഗവേഷക വിദ്യാർഥി വിപിൻ വിജയൻ ആവശ്യപ്പെട്ടിരുന്നു. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്നും, പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിൻ്റെ മഹിമ നശിച്ചുവെന്നും വിജയകുമാരി പറഞ്ഞതായി വിപിൻ വിജയൻ പരാതിയിൽ പറയുന്നു. വിപിനെപ്പോലുള്ള നീചജാതികൾക്ക് എത്ര ശ്രമിച്ചാലും സംസ്കൃതം വഴങ്ങില്ലെന്നും വിജയകുമാരി പറഞ്ഞിട്ടുണ്ട്. വിജയകുമാരിക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിയമപ്രകാരം കേസെടുക്കണമെന്നും പരാതിയിൽ വിപിൻ പരാതിയിൽ ആവശ്യപ്പെട്ടു. കഴക്കൂട്ടം എസിപിക്കാണ് വിപിൻ പരാതി നൽകിയത്. വൈസ് ചാൻസലർക്കും വിപിൻ പരാതി നൽകിയിട്ടുണ്ട്.