KERALA

മൈമിൽ പലസ്തീൻ ഐക്യദാർഢ്യം; കാസർഗോഡ് സ്‌കൂൾ കലോത്സവം നിർത്തിവയ്പ്പിച്ച് അധ്യാപകർ

മൈം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അധ്യാപകർ ഇടപെട്ടത്.

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: കലോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യം പ്രമേയമാക്കി മൈം അവതരിപ്പിച്ചതിനെ തുടർന്ന് അധ്യാപകർ സ്കൂൾ കലോത്സവം നിർത്തിവയ്പ്പിച്ചു. കുമ്പള ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവമാണ് അധ്യാപകരുടെ നേതൃത്വത്തിൽ നിർത്തിവച്ചത്. ഇന്നലെയായിരുന്നു കുമ്പള ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ആരംഭിച്ചത്.

വേദി ഒന്നിൽ ആയിരുന്നു മൈം മത്സരം നടന്നത്. പലസ്തീൻ ഐക്യദാർഢ്യമായിരുന്നു മൈമിൻ്റെ പ്രമേയം. അവിടുത്തെ കുട്ടികൾ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകൾ അടക്കം കുട്ടികൾ അവതരിപ്പിച്ചിരുന്നു. മൈം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അധ്യാപകർ ഇടപെട്ടത്.

കുട്ടികൾ അവരുടെ കൈയ്യിലുണ്ടായിരുന്ന പ്ലക്കാർഡുകൾ ഉയർത്തിക്കാണിക്കാൻ തുടങ്ങിയപ്പോൾ അധ്യാപകർ വേദിയിലേക്ക് കയറി വന്ന് പരിപാടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പോസ്റ്ററുമായി ചില വിദ്യാർഥികൾ സ്റ്റേജിലേക്ക് കയറിവരികയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെയാണ് പരിപാടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത് എന്നാണ് അധ്യാപകരുടെ വിശദീകരണം.

കലോത്സവം നിർത്തിവച്ചതിനെ തുടർന്ന് എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാർ പ്രിൻസിപ്പളിനെ ഉപരോധിച്ചു. പ്രതിഷേധം കടുത്തതോടെ കൈയ്യാങ്കളിയിൽ കലാശിച്ചു. പിടിഎ ഭാരവാഹികളും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

അധ്യാപകനെതിരെ നടപടി വേണമെന്ന് പിടിഎ പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു. മൈം വിഷയം അധ്യാപകർക്ക് അറിയാമായിരുന്നുവെന്നും, പ്രകോപനമില്ലാതെയാണ് അധ്യാപകർ പരിപാടി പാതിവഴിയിൽ അവസാനിപ്പിച്ചതെന്നും വിദ്യാർഥികൾ വ്യക്തമാക്കി. സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, കൃത്യമായി യോഗം നടത്താനായില്ലെന്നും, തിങ്കളാഴ്ച കലോത്സവം നടത്താനാണ് തീരുമാനമെന്നും പ്രിൻസിപ്പൽ സിന്ധു അറിയിച്ചു.

SCROLL FOR NEXT