കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാൻ്റിൻ്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കും. കർശന ഉപാധികളോടെ പ്രവർത്തനത്തിന് അനുമതി നൽകി. ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ഡിഎല്‍എഫ്എംസി)യുടേതാണ് തീരുമാനം. ഉപാധികളിൽ വീഴ്ച വരുത്തിയാൽ കർശന നടപടിയെന്നും മുന്നറിയിപ്പ്.
അറവുമാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ അമ്പായത്തോട് നിവാസികൾ നടത്തിയ പ്രതിഷേധം, പ്രക്ഷോഭത്തിലേക്ക് കടന്നിരുന്നു. പിന്നാലെ അടച്ച ഫാക്ടറി വീണ്ടും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ പ്രതിനിധികള്‍ പ്ലാന്റില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അനുമതി നൽകിയത്.
കർശന ഉപാധികളാണ് അധികൃതർ ഫാക്ടറിക്ക് നൽകിയിരിക്കുന്നത്. പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കണം, ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം,പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌ക്കരിക്കുകയും ചെയ്യണം തുടങ്ങിയ ഉപാധികളോടെയാണ് അനുമതി നൽകിയത്.