ഭീകരവാദവുമായി കേരളത്തെ കൂട്ടിക്കെട്ടാനും നാണംകെടുത്താനും ലക്ഷ്യമിട്ടെത്തിയ പ്രൊപ്പഗാണ്ട ചിത്രം 'ദി കേരള സ്റ്റോറി'ക്ക് രണ്ട് ദേശീയ അവാർഡുകൾ സമ്മാനിച്ച ജൂറിക്ക് സോഷ്യൽ മീഡിയയിലൂടെ പൊങ്കാലയിട്ട് ട്രോളന്മാർ. വസ്തുത തുറന്നുകാട്ടിയ സിനിമയെന്നാണ് ജൂറി ചെയർമാൻ അശുതോഷ് ഗൊവാരിക്കർ കേരള സ്റ്റോറിയെ വിശേഷിപ്പിച്ചത്.
സീരിയൽ ലെവൽ പോലും മേക്കിങ് ക്വാളിറ്റി ഇല്ലാത്ത കൂറ പടമാണിതെന്നും, മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള അവാർഡ് നൽകിയ ജൂറിയെ നമിക്കുന്നുവെന്നുമാണ് ഒരാൾ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം, സംഘപരിവാർ പ്രൊപ്പഗാണ്ട ചിത്രത്തിന് അവാർഡ് കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും, മികച്ച നടിക്കുള്ള അവാർഡ് കൂടി 'ദി കേരള സ്റ്റോറി'ക്ക് പോകുമെന്ന് വിചാരിച്ചുവെന്നാണ് ആറ്റിപ്രാക്കൽ ജിമ്മി എന്ന പ്രൊഫൈലുകാരൻ ഇതിന് താഴെ കുറിച്ചത്.
"ദേശീയ അവാർഡ് ഒരു മീമിന്! യാഥാർത്ഥ്യത്തിന്റെ മറവിൽ ഏറ്റവും മികച്ച നുണയ്ക്കുള്ള അവാർഡ്... ദി കേരള സ്റ്റോറിക്ക് 🤣 ഒടുവിൽ, വാട്ട്‌സ്ആപ്പ് സർവകലാശാലയ്ക്ക് ഇന്ത്യൻ സിനിമാ ലോകത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു 🎥" എന്നായിരുന്നു റോഷൻ വി റോയ് എന്നൊരാളുടെ പോസ്റ്റ്.
"കേരളത്തിലെ ജനങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിനും തെറ്റായ നരേഷൻ സൃഷ്ടിച്ചതിനും, മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള ദേശീയ അവാർഡുകൾ 'ദി കേരള സ്റ്റോറി'ക്ക് ലഭിച്ചു," എന്നാണ് ട്വിറ്ററിൽ ഒരാൾ കുറിച്ചത്.
മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള ദേശീയ സിനിമാ പുരസ്കാരം ദി കേരള സ്റ്റോറിക്ക് നൽകിയതിനെ ഈ വർഷത്തെ ഏറ്റവും നല്ല തമാശയെന്നാണ് ട്വിറ്ററിൽ പരിഹാസം ഉയരുന്നത്. ബേബി എന്ന തെലുങ്ക് ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകിയതിനേയും ഇവർ പരിഹസിച്ചു.