ആലപ്പുഴ: കണ്ണങ്കര ചിറക്കല്‍ ഗൗരീശങ്കര ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. 16 ഗ്രാം മാലയുള്‍പ്പെടെ 4 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. മൂന്ന് മാസത്തിന് മുമ്പ് ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി എത്തിയ കോഴിക്കോട് കടലുണ്ടി സ്വദേശി ശശിധരനെയും കാണാതായി. മുഹമ്മ പൊലീസ് അന്വേഷണം ആരംഭിച്ചു.
തണ്ണീര്‍മുക്കം കണ്ണങ്കര ചിറക്കല്‍ ഗൗരീശങ്കര ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണമാണ് മോഷണം പോയത്. ദേവിക്ക് ചാര്‍ത്തിയിരുന്ന 16 ഗ്രാം ഷോ മാലയുള്‍പ്പെടെ 4 പവന്‍ തൂക്കം വരുന്ന സ്വര്‍ണം മോഷ്ടിക്കപ്പെട്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് 7.15 ന് നട അടച്ചപ്പോള്‍ ആഭരണങ്ങള്‍ പെട്ടിയിലാക്കി ശ്രീകോവിലിനുള്ളില്‍ വച്ച് പൂട്ടി മേല്‍ശാന്തി ആര്‍ രഞ്ജിത് വീട്ടിലേക്ക് പോയതിന് ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 5 മണിക്ക് നട തുറന്ന് പൂജയ്ക്ക് ശേഷം തീരുവാഭരണം എടുക്കുന്നതിനായി ശ്രീകോവില്‍ തുറന്നപ്പോഴാണ് മോഷണം മേല്‍ശാന്തിയുടെ ശ്രദ്ധയില്‍പ്പെട്ടത്.
മൂന്ന് മാസത്തിന് മുമ്പ് ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി വന്ന കോഴിക്കോട് കടലുണ്ടി അടിശേരി സ്വദേശി ശശിധരനെയും കാണാതായി. ഭാര്യയും മക്കളും ഉപേക്ഷിച്ചതാണെന്ന് ധരിപ്പിച്ചാണ് ഇയാള്‍ സെപ്തംബര്‍ 25 ന് കീഴ്ശാന്തിയായി ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തിടപ്പള്ളിയോട് ചേര്‍ന്ന ഒരു മുറിയിലാണ് ഇയാള്‍ കിടന്നിരുന്നത്. ശ്രീകോവിലിന്റെയും ചുറ്റമ്പലത്തിന്റെയും താക്കോല്‍ തിടപ്പള്ളിയിലാണ് സൂക്ഷിച്ചിരുന്നത്.
ബുധനാഴ്ച രാത്രി 7.15 ന് മുട്ടത്തിപ്പറമ്പ് സ്വദേശിയായ മേല്‍ശാന്തി ആര്‍ രഞ്ജിത് പോയതിന് ശേഷം ശശിധരന്‍ ശ്രീ കോവില്‍ തുറക്കുന്നത് ക്ഷേത്രത്തിലെ സിസിടിവിയില്‍ തെളിഞ്ഞിട്ടുണ്ട്. ശശിധരന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മുഹമ്മ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.