തിരുവനന്തപുരം: മേയർ സ്ഥാനാർഥിയായി തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്. ബിജെപിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ വിജയമായാണ് ഈ സ്ഥാനാർഥിത്വം കാണുന്നതെന്ന് വി.വി. രാജേഷ് പറഞ്ഞു. വിജയം ഉറപ്പാണെങ്കിൽ പോലും എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവമായാണ് കാണുന്നതെന്നും വി.വി. രാജേഷ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ ജനങ്ങൾ വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും, ഇത് കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്നും വി.വി. രാജേഷ് പറയുന്നു. നാളത്തെ തെരഞ്ഞെടുപ്പിനെ ഗൗരവമായാണ് കാണുന്നത്. നല്ല ഭൂരിപക്ഷമുണ്ടാകുമെന്ന് ഉറപ്പുള്ള തെരഞ്ഞെടുപ്പുകളെ പോലും ബിജെപി വിലക്കുറച്ചുകാണാറില്ലെന്നും രാജേഷ് വ്യക്തമാക്കി.
ആർ. ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നോ എന്ന ചോദ്യത്തിന് 10 മുതൽ 40 പേർ വരെ മേയർ പരിഗണനയിലുണ്ടായിരുന്നെന്നാണ് രാജേഷിൻ്റെ മറുപടി. തെരഞ്ഞെടുക്കപ്പെട്ട 50 പേരും മേയർ സ്ഥാനർഥികളാകാൻ യോഗ്യരാണ്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവർ മിടുമിടുക്കൻമാരാണ്. തെരഞ്ഞെടുപ്പ് ജില്ലാ അധ്യക്ഷൻ ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് ഉറങ്ങിയിരുന്നത്. കഴിഞ്ഞ അഞ്ച് വർഷം രാവിനെ പകലാക്കി പ്രവർത്തനം നടത്തിയ ബിജെപി പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുകയാണെന്നും രാജേഷ് പറഞ്ഞു.
ശക്തമായ പ്രതിപക്ഷം വേണമെന്നും എങ്കിൽ മാത്രമെ ആവേശം ഉണ്ടാവുകയുള്ളൂ എന്നും വി.വി. രാജേഷ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷം ബിജെപി തിരുത്തൽ ശക്തിയായി പ്രവർത്തിച്ചു. പ്രതിപക്ഷമായിരുന്ന കാലത്ത് പട്ടിക ജാതി തട്ടിപ്പിനെതിരെ നടത്തിയ സമരത്തിലുൾപ്പെടെ ബിജെപി കൗൺസിലർമാർക്ക് കേസുകളുണ്ട്. ശക്തമായ ത്യാഗം ചെയ്യാൻ തയ്യാറായതിൻ്റെ ഫലമാണ് ഈ വിജയമെന്നും രാജേഷ് പറഞ്ഞു.
ഇന്ന് വൈകീട്ടാണ് എസ്. സുരേഷ് തിരുവനന്തപുരം മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർഥികളുടെ പ്രഖ്യാപനം നടത്തിയത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോർപ്പറേഷൻ ഭരണം ലഭിക്കുന്നത്.
പ്രധാനമന്ത്രി ജനുവരി അവസാനത്തോടെ തലസ്ഥാനത്ത് എത്തുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ പറഞ്ഞു. അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും എന്ന് പറഞ്ഞിരുന്നു. സംസ്ഥാന അധ്യക്ഷൻ അങ്ങനെ പറഞ്ഞെങ്കിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തിയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചുവർഷക്കാലത്തെ വികസന പദ്ധതികൾ അന്ന് പ്രഖ്യാപിക്കുമെന്നും കരമന ജയൻ കൂട്ടിച്ചേർത്തു.