KERALA

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ ജുഡീഷ്യല്‍ അന്വേഷണം; 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പത്ത് ലക്ഷം, സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും നാല് ലക്ഷം എന്നിവ ചേർത്താണ് പതിനാല് ലക്ഷം രൂപ നൽകുക.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണ ചുമതല. മരിച്ചവരുടെ കുടുംബങ്ങൾക്ക് പതിനാല് ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ വെടിക്കെട്ട് അപകടത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചുവെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പത്ത് ലക്ഷം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും നാല് ലക്ഷം എന്നിവ ചേർത്താണ് പതിനാല് ലക്ഷം നൽകുക. പരിക്കേറ്റവർക്ക് 2 ലക്ഷം അടിയന്തിര സഹായവും നൽകും. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

പരിക്കേറ്റവര്‍ക്ക് 6 മാസത്തേക്കുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനാവശ്യമായ തുക ജില്ലാ കളക്ടറുടെ ശിപര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാവുന്നതാണ്. ഇതിനു പുറമെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദിനീയമായ തുക ചികിത്സാ ധനസഹായമായി നല്‍കും.

ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കും.

തിരച്ചിലും രക്ഷാപ്രവര്‍ത്തനവും സുഗമമാക്കുന്നതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതില്‍ പൊളിക്കുകയും വയല്‍ നികത്തുകയും ചെയതിട്ടുണ്ട്. അവ പൂര്‍വസ്ഥിതിയില്‍ ആക്കുന്നതിന് ചെലവാകുന്ന യഥാര്‍ഥ തുക ജില്ലാ കളക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ദുരന്തപ്രതികരണ നിധിയില്‍ നിന്നും അനുവദിക്കും.

ദുരന്തവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതിനും, ഡി എന്‍ എ മാച്ചിംഗിനായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനുമായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ (പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്.

അടിയന്തര പ്രതികരണത്തിനായി 50 ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഇന്നലെ അനുവദിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ചെലവുകള്‍ ഈ തുകയില്‍ നിന്നും ചെലവഴിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കി.

സ്ഫോടനം കാരണം സമീപ വീടുകള്‍ക്കുണ്ടായ നാശനഷ്ടത്തിൻ്റെ തോത് കണക്കാക്കി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഡിആര്‍എഫില്‍ നിന്നും തുക ലഭ്യമാക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രിമാർ പത്രസമ്മേശനത്തിൽ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മുണ്ടത്തിക്കോട് പടക്കപ്പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന സ്ഥലത്തായിരുന്നു സ്ഫോടനം ഉണ്ടായത്. 13 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

പ്രദേശത്ത് തുടർച്ചയായി സ്ഫോടനം ശബ്ദം കേൾക്കുകയും പുക ഉയരുന്നത് കാണുകയും ചെയ്തതോടെ നാട്ടുകാർ അപകടം മനസിലാക്കി ഓടിയെത്തുകയായിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് ആളൊഴിഞ്ഞ പ്രദേശത്താണ് താൽക്കാലികമായ പടക്കപ്പുര തയ്യാറാക്കിയിരുന്നത്.

അപകടത്തിൽ മരിച്ച ഏഴുപേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ഒമ്പത് ശരീര ഭാഗങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇവ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ അവശ്യമാണ്. 13 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

SCROLL FOR NEXT