ടിജെഎസ് ജോര്‍ജ് Source: News Malayalam 24X7
KERALA

ടിജെഎസ്; മലയാളിയുടെ ഒറ്റയാൻ, മകന്റെ എൽസ്‌വെയറിയൻ

പത്മഭൂഷണ്‍ അല്ല, ആ ജയിൽ മുറിയായിരുന്നു ടിജെഎസിന് ലഭിച്ച ഏറ്റവും വലിയ ബഹുമതി.

Author : ശ്രീജിത്ത് എസ്

അരുന്ധതി റോയി അമ്മ ഓർമകൾ പെറുക്കിയെടുത്ത് ഒരു നോവലെഴുതി; മദർ മേരി കംസ് ടു മി. ഈ വര്‍ഷം പുറത്തിറങ്ങിയ പുസ്തകം, അമ്മ ഓര്‍മകള്‍ക്കൊപ്പം കുട്ടിക്കാല അനുഭവങ്ങളിലേക്കുള്ള ഒരു മടക്കയാത്രയായിരുന്നു. ട്രോമകള്‍, ജീവിത-സാമുഹിക പ്രതിസന്ധികള്‍, ശരിതെറ്റുകള്‍ക്കിടയിലെ ജീവിതം, വിയോജിപ്പുകളുടെ രാഷ്ട്രീയം എന്നിങ്ങനെ ജീവിതപരിസരങ്ങളും, സാമുഹ്യവീക്ഷണവും നിറഞ്ഞ എഴുത്ത്. മദർ മേരി കംസ് ടു മിക്ക് തൊട്ടുമുന്‍പായാണ് കവിയും നോവലിസ്റ്റും സംഗീതജ്ഞനുമായ ജീത് തയ്യിലിന്റെ ഒരു പുസ്തകം പുറത്തിറങ്ങിയത്. ഒരു ഡോക്യുമെന്ററി നോവൽ, എൽസ്‌വെയറിയൻസ്. എന്താണ് ഈ ഡോക്യുമെന്ററി നോവൽ? ആരാണ് ഈ എൽസ്‌വെയറിയൻസ്?

ആദ്യം ഡോക്യുമെന്ററി നോവലിലേക്ക് വരാം. നിരവധി ഓർമകളും ഓർമചിത്രങ്ങളും നിറഞ്ഞതാണ് പുസ്തകത്തിന്റെ താളുകൾ. അതിലെ ശരിയായ പേരുകളും ഫോട്ടോ​ഗ്രാഫുകളും ഫിക്ഷനുകളാണ്. കൽപ്പനകൾ എന്ന് തോന്നുന്ന പേരുകളും സംഭവങ്ങളും ഡോക്യുമെന്ററിയാണ്. സത്യം നമുക്ക് അറിയും പോലെ, ഇതിനിടയിലെവിടയോ കിടക്കുന്നു. അതാണ് ഡോക്യുമെന്ററി നോവൽ.

ഇനി എൽസ്വെയറിയൻസിലേക്ക്. നോവലിലെ കേന്ദ്ര കഥാപാത്രങ്ങൾ, പിന്നെ നോവലിസ്റ്റും ചേരുന്നതാണ് എൽസ്‌വെയറിയൻസ്. നാടോടികൾ. ഒരു നാട്ടിലേയും പൗരരല്ലാത്തവർ. അവർക്കൊപ്പം അവരുടെ പാർപ്പിടവും നീങ്ങി. ഓർമകളുടെ മാറാപ്പുമായി നടന്ന അവരാണ് എൽസ്‌വെയറിയൻസ്. അമ്മു ജോ‍ർജ്, ഭർത്താവ് തയ്യിൽ ജേക്കബ് സോണി ജോ‍ർജ്, പിന്നെ രണ്ട് മക്കള്‍; ജീത്തും ഷെബയും.

ഈ നോവലിൽ നിറയേ അമ്മു ആണ്. അവരിലൂടെയാണ് നമ്മൾ ടിജെഎസ് ജോർജിനെ കാണുന്നത്. ആദ്യ വരി തന്നെ തുടങ്ങുന്നത് അങ്ങനെയാണ്; അകമ്പടികളേതുമില്ലാതെ അവൻ അവളെ കണ്ടു.

അമ്മു ജോലി ചെയ്യുന്ന ആലുവയിലെ ഹൈസ്കൂളിലേക്ക് മുന്നറിയിപ്പ് ഏതുമില്ലാതെ എത്തുന്ന ജോർജ്. സൺ​ഗ്ലാസ് വച്ച ആ താടിക്കാരനെ അമ്മുവിന് മനസിലാകുന്നില്ല.

അയാൾ സ്വയം പരിചയപ്പെടുത്തി; "ജേണലിസ്റ്റാണ്, ബോംബെയിൽ നിന്നാണ്".

കീശയിലെ വാലറ്റിൽ നിന്നും ഒരു ഫോട്ടോയും എടുത്തു കാട്ടി. കഴിഞ്ഞ അധ്യയന വ‍ർഷത്തിന്റെ അവസാനമെടുത്ത അമ്മുവിന്റെ ഫോട്ടോയാണ്. സ്കൂൾ അത്ലറ്റിക് ചാംപ്യൻ എന്ന നിലയ്ക്ക് കിട്ടിയ ട്രോഫികളുമായാണ് നിൽപ്പ്. സ്ഥായിയായ ബാലിശമായ ചിരിയും പാറിപ്പറന്ന മുടിയുമുള്ള ഒരു ചിത്രം. അമ്മുവിന് ആ താടിക്കാരനെ മനസിലായി.

"ഇരുപത്തേഴ് മെഡലുകളും ഇരുപത്തഞ്ച് കപ്പുകളും"; അമ്മു പറഞ്ഞു.

"ഓട്ടത്തിനും നീന്തലിനും പിന്നെ മറ്റ് പല നല്ല കാര്യങ്ങൾക്കും"; അയാൾ കൂട്ടിച്ചേ‍ർത്തു.

എയർ ഇന്ത്യ വിമാനത്തിൽ നിന്ന് കിട്ടിയ ചോക്ലേറ്റ് അയാൾ അവൾക്ക് സമ്മാനിച്ചു. അതായിരുന്നു ടിജെഎസ് ജോർജും അമ്മു തോമസും തമ്മിലുള്ള ആദ്യ സമാ​ഗമം.

ജീത് തയ്യില്‍

തിരികെ ബോംബെയിലേക്ക് പോയ ജോർജ് ഏറെ താമസിയാതെ അവിടെ നിന്ന് പെൻസിൽവാനിയയിലേക്ക് പോയി. മൂന്ന് മാസം അവിടെ അയാൾ ജേണലിസം പഠിപ്പിച്ചു. ഇടയ്ക്കിടയ്ക്ക് 'കൊച്ചേ' എന്ന് തുടങ്ങുന്ന എഴുത്തുകൾ എഴുതി. ജോർജ് തിരിച്ചു വന്ന് രണ്ടാഴ്ചയ്ക്കകം എന്ന് കണക്കുകൂട്ടി കല്യാണത്തിനുള്ള തീയതി കുറിച്ചു. മാമലശേരിയിലെ ആനിത്തോട്ടം എന്ന അമ്മുവിന്റെ തറവാട് വീടിന് മുന്നിൽ ഒരാഴ്ചയ്ക്ക് മുമ്പ‍് പന്തല്‍ ഉയർന്നു. നാട്ടിലെ ആസ്ഥാന ബാഹുകൻ തൊമ്മനും സഹായിയും പണി തുടങ്ങി. മൂവാറ്റുപുഴ ആറിന്റെ കരയിലുള്ള ഈ വീട്ടിൽ നിന്നാണ് അവർ ഒന്നിച്ചുള്ള യാത്രകൾ ആരംഭിക്കുന്നത്. മാഹിമിലെ കുടുസ് അപ്പാർട്ട്മെന്റിലേക്ക്, അവിടെ നിന്ന് പട്നയിലേക്ക്, ഹോങ്കോങ്ങിലേക്ക്, വിയറ്റ്നാമിലേക്ക്, ന്യൂയോർക്കിലേക്ക്, തിരികെ ബെം​ഗളൂരുവിലേക്ക്. ഒടുവിൽ ആനിയുടെ ചിതാഭസ്മവുമായി വീണ്ടും ആനിത്തോട്ടത്തിലേക്ക്. അമ്മുവിനൊപ്പമുള്ള ഈ ഒഴുക്കിനിടയിൽ ടിജെഎസ് ജോർജ് എന്ന മാധ്യമപ്രവർത്തകനെ കാണാം. അയാളുടെ പാത പിന്തുടർന്ന് ഹോങ്കോങ്ങിലും വിയറ്റ്നാമിലും എത്തിയ മകനെ കാണാം.

ടിജെഎസിന്റെ രാഷ്ട്രീയത്തെ സ്വാധീനിച്ചത് യാത്രകളായിരുന്നു. ആ രാഷ്ട്രീയമാണ് അദ്ദേഹത്തിലെ മാധ്യമ പ്രവർത്തകനെ സ്വാധീനിച്ചത്. മാധ്യമപ്രവർത്തകൻ നിഷ്പക്ഷനല്ലേ? എന്ന് ന്യായം പറഞ്ഞാൽ ടിജെഎസിന്റെ സഹയാത്രികനും സഹപ്രവർത്തകനുമായിരുന്ന പുല്ലുവഴിക്കാരൻ ദിവ്യൻ, എം.പി. നാരായണപിള്ള നല്ല ആട്ട് തരും.

യാത്രകളിൽ ജോർജ് ഒരു നോവലിസ്റ്റിന്റെ ചാതുരിയും ചാരുതയുമുള്ള കുറിപ്പുകൾ എഴുതുമായിരുന്നു. നോവലിലെ ജോർജ് (ഈ ഭാ​ഗം ഫിക്ഷൻ അല്ല എന്ന് വേണം കരുതാൻ) നോർത്ത് വിയറ്റ്നാമിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് മകനോട് സംസാരിക്കുന്നുണ്ട്. അതിൽ ജോർജ് എഴുതുന്ന കുറിപ്പുകളെപ്പറ്റി എടുത്തുപറയുന്നു. ആ യാത്രയിൽ താൻ കണ്ട ജീവിതങ്ങൾ ജോർജ് സൂക്ഷ്മതയോടെ, വിശദാംശങ്ങൾ നഷ്ടപ്പെടാതെ കുറിച്ചിരുന്നു. എങ്ങനെയാണ് ആ രാജ്യത്തെ ജനങ്ങൾ ജീവിക്കുന്നത്, എന്താണവർ ഭക്ഷിക്കുന്നത്, എത്ര നേരം അവർ ഉറങ്ങും, ഇങ്ങനെപോകുന്നു ജോർജിന്റെ അന്വേഷണങ്ങൾ. ഒരു തരം ആത്മീയ ചരിത്ര രചനയായിരുന്നു ജോർജിന്റെ ലക്ഷ്യം.

അതെന്തെന്ന് അന്തംവിട്ട് നിൽക്കുന്ന മകനോട് ജോർജ് വിശദീകരിക്കുന്നു: "ഭൗതികമായ ഒരു വസ്തു, ഉദാഹരണത്തിന് ഒരു സൂപ്പ് കോപ്പ അല്ലെങ്കിൽ ഒരു ഹാമോക്ക് അല്ലെങ്കിൽ ഒരു റിസ്റ്റ് വാച്ച് ഒരാളുടെ ആത്മാവിനെ ബാധിച്ചേക്കാം. വസ്തുക്കൾ, അവ ആരുമായാണോ ബന്ധപ്പെട്ടിരിക്കുന്നത് അവരിൽ നിന്നും ഒരു ആന്തരിക ജീവൻ ആർജിക്കുന്നുണ്ട്. ഒരു സമൂഹത്തെ വിവരിക്കാൻ അവർ ഉപയോ​ഗിക്കുന്ന ചെറുതും വലുതുമായ വസ്തുക്കളുടെ വിവരണത്തിലൂടെ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. പ്രത്യേകിച്ചും എളിയവയിലൂടെ. പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിലെ ഒരു സൈനികൻ ഉപയോ​ഗിക്കുന്ന വെള്ള കുപ്പി നോക്കിയാൽ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ സാധിക്കും. അല്ലെങ്കിൽ, നിറയെ കോഴികളും സൈക്കിളുകളുമായി പോകുന്ന ഒരു ചെറിയ പ്രൊപ്പല്ലർ പ്ലെയിൻ. ഒരു തകർന്ന പാലം എങ്ങനെയാണ് പുനർനിർമിച്ചത് എന്ന് പഠിച്ചാൽ... വസ്തുക്കൾ കഥകൾ പറയും".

നൗ ഈസ് ദ ടൈം ടു സെ ​ഗുഡ്ബൈ എന്ന് തലക്കെട്ടെഴുതി സജീവ മാധ്യമപ്രവർത്തകന്റെ റോളിൽ നിന്നും മാറി നിന്ന ടിജെഎസ് ഇങ്ങനെ പറഞ്ഞിരിക്കാൻ സാധ്യത ഏറെയാണ്.

ഈ നോവലിന്റെ മറ്റൊരു ഭാ​ഗത്ത് കപ്പലിൽ സാഹസിക യാത്ര നടത്തിയ ജോർജ് കടന്നുവരുന്നുണ്ട്. ജോർജും കുടുംബവും ബോംബെയിൽ താമസിക്കുന്ന കാലം. വേനൽ അവധിക്കാലത്ത് മക്കളെ നീന്തൽ ക്ലാസിൽ ചേർക്കാനായി കൊണ്ടുപോകുകയാണ് അമ്മു. ബസ്സിലാണ് യാത്ര. ഓരോ സ്ഥലം വരുമ്പോഴും മകൻ കണ്ടക്ടറാണെന്ന ഭാവത്തിൽ സ്റ്റോപ്പിന്റെ പേര് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. സ്വതേ മൗനിയായ മകൾ നിശബ്ദമായി അത് ആവർത്തിച്ചു. വിളിച്ചുപറഞ്ഞതിന് ശേഷം മകൻ ആ പേരുകൾ തന്റെ ചുവന്ന നോട്ടുബുക്കിൽ എഴുതിയും വയ്ക്കുന്നുണ്ട്. ബോംബെ പോർട്ട് ട്രസ്റ്റ് എത്തുമ്പോൾ ആ കുടുംബത്തിന്റെ ഓർമ ഒരുപോലെ ജോർജിന്റെ സാഹസിക യാത്രയുടെ കാലത്തേക്ക് സഞ്ചരിക്കുന്നു.

ഫ്രീപ്രസിൽ ജോലി ചെയ്യുന്ന കാലത്ത് സഞ്ചാര പ്രിയനായ ജോർജ് മെർച്ചന്റ് നേവിയിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. ജോർജിന് കിട്ടുന്നത് എസ്എസ് ജലകന്യക എന്ന ചരക്ക് കപ്പലിലെ കുശനിക്കാരന്റെ ജോലിയാണ്. സന്തോഷത്തോടെ അത് സ്വീകരിച്ച ജോർജ് കപ്പലിൽ ലോകം കണ്ടുവന്നു. ഒരു പുസ്തകവും എഴുതി. കഥയ്ക്ക് പുറത്ത്, ആ പുസ്തകത്തിന്റെ പേര് എ ജേണലിസ്റ്റ് അറ്റ് സീ (നാടോടിക്കപ്പലിൽ നാല് മാസം). 1960ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. അന്ന് അറിയപ്പെടുന്ന കാർട്ടൂണിസ്റ്റായിരുന്ന ബാൽ താക്കറെയാണ് ഈ യാത്രാവിവരണത്തിന് ഇലസ്ട്രേഷൻ ചെയ്തത്.

പത്തനംതിട്ടയിലെ തുമ്പമണ്ണിൽ നിന്ന് തുടങ്ങിയ ജോർജിന്റെ യാത്രകൾ അവസാനിച്ചില്ല. മാധ്യമപ്രവർത്തകനായുള്ള ജീവിതം മുഴുവൻ യാത്രകളുടേതായിരുന്നു. ഒരു മാറാപ്പുമായാണ് അദ്ദേഹം ജനിച്ചതെന്ന് തോന്നുന്നു. അനുഭവങ്ങൾ കൊണ്ട് നിറഞ്ഞപ്പോഴും അത് ഒരു ഭാരമായി ടിജെഎസിന് തോന്നിയില്ല. 1965ൽ ബിഹാർ മുഖ്യമന്ത്രി കെ.ബി. സഹായിയെ ധിക്കരിച്ച് പട്ന ബന്ദ് സ്വതന്ത്രമായി റിപ്പോ‍ർട്ട് ചെയ്തതിന് കുറച്ചുകാലം സർക്കാ‍ർ വക ജയിലും കാണാൻ ജോർജിന് ഭാ​ഗ്യമുണ്ടായി. സ്വതന്ത്ര ഇന്ത്യയിൽ അറസ്റ്റിലാകുന്ന ആദ്യ പത്രാധിപർ. ഈ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിൽ ആ മാധ്യമപ്രവർത്തകന് ലഭിച്ച ഏറ്റവും വിലയ ബഹുമതി പത്മഭൂഷണായിരുന്നില്ല. ആ ജയിൽ മുറിയാണ്. ധിക്കാരികളും തന്റേടികളുമായ വരുംകാല മാധ്യമപ്രവർത്തകർക്കുള്ള ഭരണകൂടത്തിന്റെ ആദ്യ മുന്നറിയിപ്പായിരുന്നു അത്. അത് ചെറിയ പരീക്ഷണം എന്ന് കണ്ണിറുക്കി കാട്ടി ലോകം കണ്ട് ടിജെഎസ് സ‍ർക്കാരിനെ പരിഹസിച്ച് പലർക്കും ഊ‍ർജമായി.

ആ ജോർജ് തന്റെ മനസിൽ വന്ന അവസാന വാചകം എഴുതി ഫുൾസ്റ്റോപ്പ് ഇട്ടപ്പോഴും ഓർമയിൽ ഏതെങ്കിലും ഒരു യാത്രയുടെ വിശേഷം ബാക്കിയുണ്ടായിരുന്നിരിക്കണം. അല്ലെങ്കിൽ ഒരു വ്യക്തിയുടെ ഓർമ. വി.കെ. കൃഷ്ണ മേനോൻ, നർ​ഗീസ്, എം.എസ്. സുബ്ബലക്ഷ്മി, ലീക്വാൻയൂ എന്നിവരുടെ നിരയിൽ ഒരു ടിജെഎസ് വിവരണത്തിന് പാകം ആകും വിധം ജീവിതം ജീവിച്ചുതീർത്ത ഒരു വ്യക്തിയുടെ ഓർമ. അതുമല്ലെങ്കിൽ ഒരു വസ്തുവിന്റെ ഓർമ.

ഓർമകൾ അവശേഷിപ്പിച്ചും ചിലത് മാറാപ്പിലാക്കിയുമാണ് ടിജെഎസ് ജോർജിന്റെ അവസാന യാത്ര. യാത്രാമൊഴി പറയുമ്പോൾ ആ വഴിയിലേ ഇങ്ങേ അറ്റത്ത് നിൽക്കുന്നവ‍ർ ആ മനുഷ്യന്റെ ആത്മീയ ചരിത്രം ഏത് വസ്തുവിലാണ് തിരയുക. ആ യാത്രികൻ അവശേഷിപ്പിച്ചു പോയ ആ വസ്തു എന്തായിരിക്കും? അത് ഭൗതികമോ ബൗദ്ധികമോ?

SCROLL FOR NEXT