കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനേറ്റ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് നേതൃത്വം മുന്നോട്ട് പോകുമെന്ന വിശ്വാസം തനിക്കില്ലെന്ന് തളിപ്പറമ്പ് നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ. പാർട്ടി തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പ്രസ്താവനയോട് യോജിപ്പില്ല.
പല തവണയും നേതൃത്വം ഇത്തരത്തിൽ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ തെറ്റ് തിരുത്തി പാർട്ടി നേതൃത്വം മുന്നോട്ട് പോയിട്ടില്ല. പറയുന്നത് പോലെ പോകുന്ന നേതൃത്വമായിരുന്നുവെങ്കിൽ പാർട്ടിക്ക് അപചയം സംഭവിക്കില്ലായിരുന്നു. അണികൾക്ക് ധൈര്യത്തോടെ തുറന്ന് പറയാമെന്ന പാർട്ടി നിലപാട് സ്വാഗതാർഹമാണ്.
പക്ഷേ നടപ്പിലാക്കുമോയെന്ന് അറിയില്ല. തുറന്ന് പറച്ചിലിന് അനുവാദം നൽകിയിരുന്നുവെങ്കിൽ പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടിക്ക് തിരിച്ചടി നേരിടേണ്ടി വരില്ലായിരുന്നുവെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നുവെങ്കിൽ പാർട്ടിയെ സുഗമമായി മുന്നോട്ട് കൊണ്ടുപോകുമായിരുന്നു. അണികളെ കേൾക്കാനും തെറ്റുകൾ തിരുത്താനും കഴിവുള്ള നേതാവായിരുന്നു കോടിയേരി. ഇനിയെങ്കിലും ജനകീയ നേതൃത്വം വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ധാർഷ്ട്യം നിറഞ്ഞ നേതൃത്വത്തിന് ജനങ്ങൾ കൊടുത്ത അടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. തളിപ്പറമ്പ് മണ്ഡലത്തിൽ അതിർവരമ്പുകളില്ലാത്ത വികസനപ്രവർത്തനം നടത്തണമെന്നാണ് ആഗ്രഹം. എല്ലാവരെയും ഉൾപ്പെടുത്തി വികസന സമിതി തയ്യാറാക്കി പ്രവർത്തനം നടത്തുമെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.