സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്നാണ് സസ്പെൻഷൻ. Source: News Malayalam 24X7
KERALA

കോഴിക്കോട് മലാപ്പറമ്പ്‌ സെക്‌സ് റാക്കറ്റ് കേസ്: രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് പ്രതി ചേർത്തതിന് പിന്നാലെ സസ്പെൻഡ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് പ്രതി ചേർത്തതിന് പിന്നാലെ സസ്പെൻഡ് ചെയ്തത്. നിലവിൽ കെട്ടിടം വാടകയ്ക്ക് എടുത്ത നിമീഷ് ഉൾപ്പെടെ കേസിൽ ആകെ 12 പ്രതികളാണുള്ളത്.

കൺട്രോൾ റൂമിലെയും വിജിലൻസിലെയും ഡ്രൈവർമാരായ ഷൈജിത്തിനും, സനിത്തിനും നടത്തിപ്പുകാരി ബിന്ദുവുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി.

സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്നാണ് സസ്പെൻഷൻ. സാമ്പത്തിക ഇടപാടുകൾക്ക് പുറമെ ഇവർക്ക് മറ്റു ഇടപാടുകളും ഉണ്ടായിരുന്നതായാണ് വിവരം. നടത്തിപ്പുകാരുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തിരുന്നു.

ഫോൺ റെക്കോർഡ് പരിശോധിക്കാനുള്ള നടപടിയും ആരംഭിച്ചിരുന്നു. ഫോൺ പരിശോധിച്ചാൽ മാത്രമേ ഇനിയും എത്രപേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാവുകയുള്ളൂ. രണ്ടുദിവസം മുൻപാണ് അപ്പാർട്ട്മെൻറ് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ സംഘത്തെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

വയനാട് സ്വദേശി ബിന്ദു ,ഇടുക്കി സ്വദേശി അഭിരാമി, ഉൾപ്പെടെ 9 പേരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പെൺവാണിഭ കേന്ദ്രം കണ്ടെത്തിയത്

SCROLL FOR NEXT