KERALA

ശബരിമല യുവതി പ്രവേശനം: സർക്കാർ നിലപാട് മാറ്റുമോ എന്ന് വ്യക്തമാക്കണമെന്ന് യുഡിഎഫ്

യുവതികളെ പ്രവേശിപ്പിക്കാൻ പാടില്ലെന്നാണ് അന്നും ഇന്നും യുഡിഎഫിൻ്റെ നിലപാടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം. വിഷയത്തിൽ സർക്കാരിൻ്റെ നിലപാട് എന്താണ് എന്ന് അറിയാൻ താൽപ്പര്യപ്പെടുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയം ഇടതുപക്ഷത്തിനെ വേട്ടായാടുന്നു. അത്രമാത്രം ക്രമക്കേടും വൃത്തികേടും, കൊള്ളയുമാണ് ശബരിമലയിൽ സിപിഐഎമ്മിൻ്റെ നേതൃത്വത്തിൽ നടന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

യുവതികളെ പ്രവേശിപ്പിക്കാൻ പാടില്ലെന്നാണ് അന്നും ഇന്നും യുഡിഎഫിൻ്റെ നിലപാട്. അതനുസരിച്ചാണ് ഉമ്മൻ ചാണ്ടി ഗവൺമെൻ്റ് സത്യവാങ്മൂലം കൊടുത്തിരുന്നത്. അത് മാറ്റിയാണ് പിണറായി സർക്കാർ യുവതി പ്രവേശനം അനുവദിക്കണമെന്ന് പറഞ്ഞുകൊണ്ട് സത്യവാങ്മൂലം സമർപ്പിച്ചത്. ഇപ്പോഴും ആ നിലപാടിൽ ഉറച്ചുവിൽക്കുന്നുണ്ടോ എന്ന നിലപാട് സർക്കാർ വ്യക്തമാക്കണം.

വിശ്വാസങ്ങളും, ആചാരങ്ങളും, ശബരിമലയുടെ പ്രത്യേകത അനുസരിച്ചും,യുവതികൾ കയറാൻ പാടില്ലെന്നാണ് യുഡിഎഫ് പറയുന്നത്. 50 ഓ,55 ഓ വയസ് കഴിഞ്ഞ സ്ത്രീകൾ കയറുന്നതിൽ ഞങ്ങൾക്ക് യാതൊരു എതിപ്പും ഇല്ല. യുവതികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കേണ്ട സമയം ആയിട്ടുണ്ട്. യുവതി പ്രവേശനം അനുവദിച്ച ശേഷം ജനങ്ങളോട് മാപ്പ് പറഞ്ഞവരാണ് മാർക്സിസ്റ്റ് പാർട്ടിയെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യുവതി പ്രവേശനത്തിൽ ഇനി അഴകൊഴമ്പൻ നിലപാട് സർക്കാരിന് സ്വീകരിക്കാനാവില്ല. സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകാൻ പത്ത് മിനിറ്റ് മതി. മുമ്പേ എടുത്ത നിലപാടിൽ മാറ്റം ഉണ്ടോ എന്ന് പറയണം. പഴയ നിലപാടിൽ നിന്ന് മാറിയാൽ അത് നല്ലകാര്യമാണ്. രാഷ്ട്രീയ സാഹചര്യംമാറി അതുകൊണ്ട് പുതിയ തീരുമാനം എടുക്കുന്നുണ്ടെങ്കിൽ അതിനെ യുഡിഎഫ് സ്വാഗതം ചെയ്യുന്നു എന്നും സതീശൻ വ്യക്തമാക്കി.

നിലപാട് തിരുത്താതെ സർക്കാരിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സർക്കാർ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യപ്പ സംഗമത്തിലൂടെ നടന്നത് രാഷ്ട്രിയ പ്രചരണമാണ്. അയ്യപ്പൻ സിന്ദാബാദ് എന്ന് പറഞ്ഞാണ് സിപിഎം സംഗമം നടത്തിയത്. സ്വർണക്കൊള്ള മറക്കാൻ അയ്യപ്പ സംഗമം നടത്തി അത് ഇപ്പോൾ മഹകൊള്ളയായി. കേസിൽ യുഡിഎഫ് നേതാക്കളെ പ്രതിച്ചേർക്കാൻ ആര് ശ്രമിച്ചാലും അത് നടക്കാൻ പോകുന്നില്ല. കാരണം യഥാർഥ കള്ളന്മാർ സിപിഐഎം നേതാക്കളാണ് എന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

SCROLL FOR NEXT