പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. സ്വർണം പൂശാനായി സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി കോടികൾ പിരിച്ചെടുത്തുവെന്നും, വിദേശരാജ്യങ്ങളിൽ നിന്നുള്ള മലയാളികളായ അയ്യപ്പ ഭക്തരിൽ നിന്നും പണം പിരിച്ചുവെന്നും ദേവസ്വം ബോർഡ് വിജിലൻസ് കണ്ടെത്തി.
ഇതര സംസ്ഥാനങ്ങളിലെ വ്യവസായികളിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. വിവാദം ഒഴിവാക്കാൻ പിരിച്ച പണത്തിൽ നിന്നും ഏഴ് പവൻ്റെ മാല മാളികപ്പുറം ക്ഷേത്രത്തിന് നൽകി. മാല ദേവസ്വം ബോർഡിനെ ഏൽപ്പിക്കാതെ ശാന്തിമാർക്ക് നേരിട്ട് നൽകുകയാണ് ചെയ്തതെന്നും പരിശോധനയിൽ നിന്നും വ്യക്തമായി.
പിരിച്ച പണത്തിൽ നിന്നും നിർദ്ധനരായ യുവതികൾക്ക് വിവാഹം നടത്താനുള്ള ശുപാർശ ബോർഡിന് മുമ്പിൽ വെച്ചിരുന്നു. എന്നാൽ ബോർഡ് അതിന് അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ വിശദമായ അന്വേഷണം ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ്. പ്രശാന്ത് പറഞ്ഞു.
അതേസമയം, സന്നിധാനത്തെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനഃസ്ഥാപിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. താന്ത്രിക, ഹൈക്കോടതി അനുമതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് പുനഃസ്ഥാപിക്കാൻ തീരുമാനമായത്. തുലാമാസ പൂജകൾക്കായിട്ടാണ് ഒക്‌ടോബർ 17ന് നട തുറക്കുന്നത്.
സ്വർണപീഠം കണ്ടെത്തിതിന് പിന്നാലെ തന്നെ കള്ളനാക്കിയതിന് ആര് സമാധാനം പറയുമെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ്. പ്രശാന്ത് പ്രതികരിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഇതുണ്ടായിരുന്നുവെന്നും പിന്നെ എന്തിനാണ് ഇയാൾ കള്ളം പറഞ്ഞത്. എന്തിനാണ് ദേവസ്വം ബോർഡിൽ പഴിചാരിയത് എന്നും പ്രശാന്ത് ചോദിച്ചു.
ഉണ്ണികൃഷ്ണനെ വിശ്വസിക്കാനാവില്ലെന്നും അയാൾ പൊതുജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്നായിരുന്നു ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പ്രതികരിച്ചത്. സ്വർണപീഠം നാലരവർഷം ഒളിപ്പിച്ചുവച്ച് ഉണ്ണികൃഷ്ണൻ എല്ലാവരെയും വിഡ്ഢികളാക്കി. സ്വർണപീഠം കാണാനില്ലെന്ന പരാതിക്ക് പിന്നിൽ ഗൂഢാലോചനയും ആസൂത്രിത നീക്കവുമാണെന്നും മന്ത്രി പറഞ്ഞിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി നിഗൂഢതയുള്ള വ്യക്തിത്വം, സുതാര്യമായ ആളല്ലെന്നും, ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കിയ വിഷയമാണെന്നും പി. എസ്. പ്രശാന്ത് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ശക്തമായ അന്വേഷണം വേണം. ഏതറ്റം വരെയും സഹകരിക്കാൻ ദേവസ്വംബോർഡ് തയ്യാറാണ് സ്പോൺസറായത് കൊണ്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ സമീപിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഒരു വാക്ക് പറയാൻ ബിജെപി നേതാക്കൾ തയ്യാറാകുന്നില്ല. ഇയാൾക്ക് ബിജെപി നേതാക്കളുമായി ബന്ധമുണ്ട് പറഞ്ഞാൽ എന്താണ് തെറ്റ് എന്നും പ്രശാന്ത് ചോദിച്ചു.