വി. ശിവന്‍കുട്ടി Source: Facebook/ V Sivankutty
KERALA

സ്കൂളുകളില്‍ അടിയന്തര ഓഡിറ്റിങ്; കുട്ടികളുടെ സുരക്ഷയിൽ വീഴ്ച വന്നാൽ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

ജൂലായ് 25 മുതൽ 31 വരെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്കൂളുകള്‍ പരിശോധിക്കും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ അടിയന്തര ഓഡിറ്റിങ് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജൂലായ് 25 മുതൽ 31 വരെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്കൂളുകള്‍ പരിശോധിക്കും. കുട്ടികളുടെ സുരക്ഷയിൽ വീഴ്ച വന്നാൽ കർശന നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി.

സ്കൂളുകളിലെ സുരക്ഷാ ഓഡിറ്റിങ് സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. സർക്കാർ സ്കൂൾ തുറക്കും മുമ്പേ ഇറക്കിയ സർക്കുലറിലെ കാര്യങ്ങൾ എല്ലാ ഉദ്യോഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സ്കൂളുകളില്‍ പരിശോധന നടത്തുന്നുണ്ടോ എന്നറിയാന്‍ വകുപ്പിലെ വിജിലൻസിനെ ചുമതലപ്പെടുത്തും.  പരിശോധന റിപ്പോർട്ടുകൾ വിലയിരുത്താൻ ആഗസ്റ്റ് 12ന് യോഗം ചേരുമെന്നും വി. ശിവന്‍കുട്ടി അറിയിച്ചു.

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ മാത്രം ബലിയാടാക്കി എന്ന ആരോപണം ശരിയല്ലെന്നും മന്ത്രി. മാനേജ്മെൻ്റ് മിഥുൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും. മാനേജ്മെൻ്റ് മിഥുന്റെ അച്ഛനോ അമ്മയ്‌ക്കോ സ്കൂളിൽ എന്തെങ്കിലും ജോലി കൊടുക്കണം. വീട് പണിയ്ക്കുള്ള നടപടി സർക്കാർ ആരംഭിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

കാർത്തികപ്പള്ളി സർക്കാർ സ്കൂളിലെ മേൽക്കൂര തകർന്ന സംഭവത്തില്‍ കെട്ടിടത്തിൽ ക്ലാസ് നടക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. കെട്ടിടം അൺഫിറ്റ് ആണെങ്കിൽ അത് പൊളിച്ചു കളയുകയാണ് വേണ്ടത്. പുതിയ കെട്ടിടത്തില്‍ നാളെ തന്നെ ക്ലാസുകൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

സ്കൂൾ സമയ മാറ്റത്തില്‍ വിവിധ മത സാമുദായിക സംഘടനകളുടെ സൗകര്യം നോക്കി വിദ്യാഭ്യാസ കാര്യത്തിൽ തീരുമാനം എടുക്കാൻ ആകില്ലെന്നും വി. ശിവന്‍കുട്ടി അറിയിച്ചു. ബുധനാഴ്ച നടക്കുന്ന ചർച്ചയില്‍ തീരുമാനം എടുക്കാനുണ്ടായ സാഹചര്യം ബോധ്യപ്പെടുത്തും. എല്‍പി-യുപി ക്ലാസുകളിൽ സ്കൂൾ സമയത്തിൽ മാറ്റമില്ല. സമരം ചെയ്യുന്നവർ തെറ്റിധരിച്ചതാണ്. സമുദായിക സംഘടനകളുടെ സൗകര്യം അനുസരിച്ച് സ്കൂൾ സമയവും , പരീക്ഷയും നടത്താൻ പറ്റില്ല. താൻ വിദ്യാഭ്യാസ മന്ത്രിയായ ഉടൻ ശനിയാഴ്ച്ച പരീക്ഷ പാടില്ലെന്ന് പറഞ്ഞ് ഒരു സമുദായം വന്നുവെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT