Source: ഫയൽ ചിത്രം
KERALA

"രണ്ട് തവണ നടപടി പറ്റില്ലല്ലോ, മറുപടി പറയേണ്ടത് കെപിസിസി" ; രാഹുലിനെ കയ്യൊഴിഞ്ഞ് നേതാക്കൾ, അതൃപ്തി പരസ്യമാക്കി വി.ഡി.സതീശൻ

ആരോപണങ്ങളും പരാതികളും ഉയർന്നാൽ അത് രാഹുൽ തന്നെ സ്വയം പ്രതിരോധിക്കട്ടെ എന്നാണ് കോൺഗ്രസിന്റെ തീരുമാനം.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതിൽ അതൃപ്തി പരസ്യമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . സംഘടനാപരമായ കാര്യങ്ങൾക്ക് മറുപടി പറയേണ്ടത് കെപിസിസി അധ്യക്ഷൻ ആണെന്നായിരുന്നു സതീശന്റെ മറുപടി. ലൈംഗിക ആരോപണ വിവാദത്തിൽ രാഹുലിനെതിരെ രണ്ട് തവണ നടപടിയെടുക്കാനാകുമോയെന്നും വി. ഡി. സതീശൻ ചോദിച്ചു. പരാതിക്കാരി നിയമ നടപടികളുമായി മുന്നോട്ട് പോയാൽ രാഹുലിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരെ ലൈംഗിക ആരോപണ വിവാദം ഉയർന്ന സമയം മുതൽ രാഹുലിനെതിരെ നടപടി വേണമെന്ന് നിർബന്ധം പിടിച്ച രണ്ടു നേതാക്കൾ വി ഡി സതീശനും രമേശ് ചെന്നിത്തലയും ആയിരുന്നു. പിന്നീട് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനമെടുത്തു എന്നാൽ ആഴ്ചകൾക്കകം രാഹുൽ പാലക്കാട്‌ മണ്ഡലത്തിൽ സജീവമായി. പാർട്ടി പരിപാടികളിലും സ്ഥാനാർത്ഥി ചർച്ച നടക്കുന്ന വേദികളിലും ഒക്കെ രാഹുൽ സാന്നിധ്യമറിയിച്ചു. ഇതിൽ കടുത്ത അതൃപ്തിയിലാണ് വി ഡി സതീശൻ.

രാഹുൽ മാങ്കൂട്ടത്തിൽ പ്രചരണത്തിന് ഇറങ്ങിയത് ശരിയായില്ലെന്ന് നിലപാടിലാണ് രമേശ് ചെന്നിത്തലയും. നിയമപരമായ പരാതിയും നടപടികളും ഉണ്ടായാൽ പുറത്താക്കൽ അടക്കം നടപടി ഉണ്ടായേക്കുമെന്ന് ഒരു പടി കൂടി കടന്നു പറഞ്ഞ് രംഗത്തെത്തിയ കെ. മുരളീധരൻ സർക്കാർ നടപടിയെടുക്കാത്ത എന്തെന്ന് മറു ചോദ്യവും ഉന്നയിച്ചു. രാഹുലിനെ എന്നും കാവലായി നിന്നാൽ ഷാഫി പറമ്പിൽ എംപി ആകട്ടെ എല്ലാം പാർട്ടി തീരുമാനിക്കട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി വേദികളിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെ സസ്പെൻഡ് ചെയ്തതാണല്ലോ എന്നും പ്രസിഡൻ്റ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് പാർട്ടിയിൽ സ്ഥാനമില്ല. ആരോപണം വന്നപ്പോൾ തന്നെ നടപടി എടുത്തു. പ്രചരണം നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതൃത്വമാണെന്നും കെ. സി. വേണുഗോപാൽ എംപി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി പരാതി എത്തിയാൽ കൂടുതൽ നടപടികളിലേക്ക് കോൺഗ്രസ്‌ പാർട്ടി കടന്നേക്കും. പൊലീസിൽ പരാതി വരികയും നിയമപരമായി പോലീസ് നീങ്ങുകയും ചെയ്താൽ പുറത്താക്കൽ അടക്കം പാർട്ടി ചർച്ച ചെയ്യും. അതേസമയം നിയമപരമായ പരാതികൾ ഒന്നുമില്ലാത്ത നിലവിലെ സാഹചര്യത്തിൽ ഉയർന്നുവരുന്ന ആരോപണങ്ങൾക്കെതിരെ പ്രതികരിക്കേണ്ട എന്നാണ് കോൺഗ്രസിലെ പൊതു തീരുമാനം. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത ആളെക്കുറിച്ച് നേതൃത്വം ഇനി പ്രതികരിക്കേണ്ട കാര്യമില്ല. ആരോപണങ്ങളും പരാതികളും ഉയർന്നാൽ അത് രാഹുൽ തന്നെ സ്വയം പ്രതിരോധിക്കട്ടെ എന്നാണ് കോൺഗ്രസിന്റെ തീരുമാനം.

SCROLL FOR NEXT